കണ്ണൂര്‍: കൂട്ടുപുഴ ചെക്ക്‌പോസ്റ്റിലും കണ്ണൂര്‍ ടൗണിലും വന്‍ ലഹരിവേട്ട. രണ്ടു കിലോ കഞ്ചാവും 147 ഗ്രാം എം.ഡി.എം.എയും 333 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുമായി മൂന്നു പേരെ എക്‌സൈസ് അറസ്റ്റു ചെയ്തു.
കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീബ് ലബ്ബയുടെ നേതൃത്വത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് 52.252 ഗ്രാം എം.ഡി.എം.എയും 12.90 ഗ്രാം കഞ്ചാവും പിടികൂടിയത്. കാര്‍ യാത്രക്കാരനായ വടകര, ഒഞ്ചിയം, പുതിയോട്ടെ അമല്‍രാജ് (32), അഴിയൂര്‍, കുഞ്ഞിപ്പള്ളിയിലെ പി. അജാസ് (32) എന്നിവരെ അറസ്റ്റു ചെയ്തു. മയക്കുമരുന്നു കടത്തിനു ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍ ടൗണില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി ജനാര്‍ദ്ദനനും സംഘവും നടത്തിയ റെയ്ഡില്‍ രണ്ടു കിലോ കഞ്ചാവും 95 ഗ്രാം എം.ഡി.എം.എയും 333 മില്ലി ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പും പിടികൂടി. ഉത്തര്‍ പ്രദേശിലെ വാരണാസി സ്വദേശി ദീപുസഹാനി (24) എന്നയാളെ അറസ്റ്റു ചെയ്തു. ഒരു മാസം മുമ്പ് ജയിലില്‍ നിന്നു ഇറങ്ങിയ ദീപു സഹാനി കണ്ണൂര്‍ ടൗണിലും പരിസരങ്ങളിലും മയക്കുമരുന്നു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണെന്നു അധികൃതര്‍ പറഞ്ഞു. നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് കൂട്ടിച്ചേര്‍ത്തു.
