കാസര്‍കോട്: ഹൈക്കോടതി വിധിയെ തുടര്‍ന്ന് ക്ഷേത്ര കമാനവും രണ്ടു ബസ് വെയ്റ്റിംഗ് ഷെഡുകളും പൊളിച്ചുമാറ്റി. വെള്ളരിക്കുണ്ട്, പരപ്പ, കനകപ്പള്ളി വിഷ്ണു മൂര്‍ത്തി ദേവസ്ഥാന കമാനവും സമീപത്തുള്ള രണ്ടു ഷെഡ്ഡുകളുമാണ് നീക്കം ചെയ്തത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. വെള്ളരിക്കുണ്ട് പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു പൊളിച്ചുമാറ്റിയത്. സ്ഥലത്ത് നേരത്തെ ഉണ്ടായിരുന്ന മറ്റൊരു കമാനം ബന്ധപ്പെട്ടവര്‍ സ്വയം പൊളിച്ചുമാറ്റിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.