തിരുവനന്തപുരം: ഇ.പി ജയരാജന്‍ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു. രാജി സന്നദ്ധത ഇ.പി ജയരാജന്‍ പാര്‍ട്ടിയെ അറിയിച്ചതായാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പു ദിവസം ഇ.പിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ബിജെപി ബന്ധവും അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ശനിയാഴ്ച സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ആരംഭിക്കാനിരിക്കെയാണ് ഇ.പി തന്റെ നിലപാട് പാര്‍ട്ടിയെ അറിയിച്ചതെന്നാണ് വിവരം.
വെള്ളിയാഴ്ച നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ ശേഷമാണ് ഇ.പി തന്റെ നിലപാട് പാര്‍ട്ടിയെ അറിയിച്ചതെന്നും സൂചനയുണ്ട്. സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ തലസ്ഥാനത്തു നിന്നു തിരിച്ച ഇ.പി കണ്ണൂരിലെത്തി. കണ്ണൂരില്‍ നടക്കുന്ന ചില പരിപാടികളില്‍ പങ്കെടുക്കാനുണ്ടെന്നാണ് ഇ.പി.യുടെ പ്രതികരണം. രാജിവയ്ക്കുമോയെന്ന ചോദ്യത്തിന് ”രാജി വാര്‍ത്തയുടെ” ഉറവിടത്തില്‍ അന്വേഷിക്കൂ എന്ന് ഇ.പി പറഞ്ഞു. എല്ലാം നടക്കട്ടെയെന്നും ഇ.പി വ്യക്തമാക്കി.
