തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ പ്രതിയായ നടന്‍ മുകേഷ് എം.എല്‍.എ സ്ഥാനം രാജി വയ്ക്കുമോ? പ്രതിപക്ഷവും ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയും രാജി ആവശ്യം ഉന്നയിച്ച സാഹചര്യത്തില്‍ മുകേഷിനും സിപിഎമ്മിനും കൂടുതല്‍ സമയം പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വ്യാഴാഴ്ച ചേര്‍ന്ന അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് യോഗം കൈക്കൊണ്ടത്. വ്യാഴാഴ്ച നടന്ന യോഗത്തിന്റെ തുടര്‍ച്ചയായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വെള്ളിയാഴ്ച നടക്കുന്നുണ്ട്. നേരത്തെ സമാനരീതിയില്‍ കേസില്‍ പ്രതിയാക്കപ്പെട്ട രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജി വച്ചിട്ടില്ലെന്നും അതുകൊണ്ട് മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്നാണ് അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം. ഈ തീരുമാനത്തെ വെള്ളിയാഴ്ച ചേരുന്ന സമ്പൂര്‍ണ്ണ സെക്രട്ടേറിയറ്റ് യോഗം അംഗീകരിക്കുമോ അതോ മുകേഷിനോട് രാജി ആവശ്യപ്പെടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഇതിനിടയില്‍ സംസ്ഥാന നിലപാടിനെ ചോദ്യം ചെയ്ത് പൊളീറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട് രംഗത്തുവന്നു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജി വയ്ക്കാത്തത് മാതൃകയാക്കാനുള്ള തീരുമാനം ശരിയല്ലെന്നാണ് വൃന്ദ കാരാട്ട് വ്യക്തമാക്കിയത്. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കിയേ തീരുവെന്നും അവര്‍ പറഞ്ഞു.