കൊച്ചി: യുവനടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ നടനും സിപിഎം എം.എല്‍.എ.യുമായ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മരട് പൊലീസ് കേസെടുത്തു. ആലുവയിലെ ഫ്‌ളാറ്റില്‍ 12 മണിക്കൂര്‍ നേരം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്.
നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ കന്റോണ്‍മെന്റ് പൊലീസും ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസും കേസെടുത്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു, അഡ്വ.വി.എസ് ചന്ദ്രശേഖരന്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
അതേ സമയം നടനും എം.എല്‍.എയുമായ മുകേഷ് ഒളിവില്‍ പോയി. മൂന്നു ദിവസമായി കൊല്ലത്തെ വീട്ടിലും ഓഫീസിലും അദ്ദേഹമില്ല. പ്രതിഷേധങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കൊല്ലത്തെ വീടിനും ഓഫീസിനും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരത്തെ വീടിനും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടയില്‍ മുകേഷ് എം.എല്‍.എ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായി. സിപിഐ നേതാവ് ആനിരാജയും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനും മുകേഷിന്റെ രാജി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു മന്ത്രിസഭയ്ക്കു പ്രതിസന്ധി ഉണ്ടാകാത്ത തരത്തില്‍ മുകേഷ് നിലപാടെടുക്കണമെന്നു സിപിഐ നേതാവ് പ്രകാശ് ബാബു ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സിപിഐയുടെ നിലപാട് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇന്നെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ ഇടത് മുന്നണി സംസ്ഥാന കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഇന്നു പത്തുമണിക്ക് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.