കാസര്‍കോട്: പിലിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ദേശീയപാതയില്‍ മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. കൊച്ചിയില്‍നിന്ന് നീലേശ്വരത്തേയ്ക്ക് പോവുകയായിരുന്ന മരത്തടി കയറ്റി വന്ന ലോറി കയറ്റത്തില്‍ ബ്രേക്ക് തകരാറിലായി പിറകോട്ട് പാഞ്ഞാണ് അപകടം. പിറകിലുണ്ടായിരുന്ന പിക്കപ്പ് വാനിനെ ഇടിച്ച ശേഷം റോഡരികിലെ സുരക്ഷാവേലിയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. അതിനിടെ ചെറുവത്തൂര്‍ ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ മിനിലോറി തടി ലോറിയിലിടിച്ചു. അപകടത്തില്‍ രണ്ടുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. ലോറി ഡ്രൈവര്‍ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ബഷീറി(44)ന്റെ കാലിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുരണ്ടുപേര്‍ക്ക് നിസാര പരിക്കാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ചന്തേര പൊലീസെത്തി അപകടത്തില്‍പെട്ട വാഹനം മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.