കാസര്‍കോട്: റിട്ട. അധ്യാപകനായ ഭാര്യാ പിതാവിനെ പട്ടാപ്പകല്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബെള്ളിഗെ സ്വദേശികളായ ജ്യോത്സ്യനെയും മകനെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബെള്ളിഗെ, ഒടമ്പളയിലെ ജ്യോത്സ്യന്‍ രാഘവേന്ദ്ര കെദില്ലായ (52), മകന്‍ മുരളി കൃഷ്ണന്‍ (21) എന്നിവരെയാണ് ധര്‍മ്മസ്ഥല പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. രാഘവേന്ദ്ര കെദില്ലയുടെ ഭാര്യ വിജയലക്ഷ്മിയുടെ പിതാവും റിട്ട. അധ്യാപകനുമായ ബെല്‍ത്തങ്ങാടി, ബെളാലുവിലെ ബാലകൃഷ്ണഭട്ട് (83) കൊല്ലപ്പെട്ട കേസിലെ പ്രതികളാണ് ഇരുവരും. ആഗസ്ത് 23ന് പകലാണ് ബാലകൃഷ്ണഭട്ട് ബെളാലുവിലെ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. ഇവരുടെ സ്വര്‍ണ്ണം പണവും രാഘവേന്ദ്ര കെദില്ലായ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു ബാലകൃഷ്ണ തയ്യാറായില്ല. ഇതാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നു കണ്ടെത്തിയാണ് അച്ഛനെയും മകനെയും അറസ്റ്റു ചെയ്തത്. പ്രതികളെ കൊലപാതകം നടന്ന വീട്ടിലും മറ്റും കൊണ്ടു പോയി തെളിവെടുപ്പ് നടത്തുന്നതിനും കൊലപാതകത്തിനു ഉപയോഗിച്ച കത്തി കണ്ടെത്തുന്നതിനുമാണ് ധര്‍മ്മസ്ഥല പൊലീസ് കസ്റ്റഡിയിലെടുത്തത്.