തിരുവനന്തപുരം: താര സംഘടനയായ ‘അമ്മ’യില്‍ അസാധാരണ പ്രതിസന്ധി ഉടലെടുത്തു. തുടര്‍ നീക്കങ്ങള്‍ക്ക് നേതൃത്വം നിയമോപദേശം തേടി. ബൈലോ പ്രകാരം നിലവിലെ എക്സിക്യൂട്ടിവ് പിരിച്ചു വിടാനും ആലോചനയുണ്ട്. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നും സംഘടനയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എക്സിക്യൂട്ടിവ് പുന:ക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകള്‍.
നേതൃനിരയിലെ താരങ്ങള്‍ക്ക് എതിരെ ആരോപണങ്ങള്‍ വരുന്നതാണ് പുന:സംഘടനയ്ക്ക് പ്രതിസന്ധിയുണ്ടാക്കിയിട്ടുള്ളത്. സംഘടനാ നേതൃത്വത്തിലുള്ള താരങ്ങള്‍ക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങളാണ് അമ്മയെ വലയ്ക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിന് പകരം ചുമതലക്കാരനായ ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയര്‍ന്നത് വന്‍ തിരിച്ചടിയായി.
പരാതിക്കാരെ പ്രതിസന്ധിയിലാക്കാനാണ് അമ്മയിലെ ചില താരങ്ങളുടെ ശ്രമമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എക്‌സിക്യൂട്ടീവ് യോഗം മാറ്റിയതില്‍ ഉള്‍പ്പെടെ പ്രതിസന്ധി നിഴലിക്കുന്നു. പ്രസിഡന്റ് മോഹന്‍ലാലിന്റെ അസൗകര്യമാണ് കാരണമെന്ന് പറയുമ്പോഴും സംഘടനാ നേതൃത്വത്തിലെ താരങ്ങള്‍ക്കെതിരെ ഒന്നൊഴിയാതെ വരുന്ന ലൈംഗികാരോപണങ്ങളാണ് എക്‌സിക്യൂട്ടീവ് യോഗം ചേരുന്നതിലെ പ്രധാന വെല്ലുവിളിയായിട്ടുള്ളത്.