തിരുവനന്തപുരം:ചലച്ചിത്ര അക്കാദമിയിലെ സ്ത്രീ വിരുദ്ധതയില്‍ പ്രതിഷേധിച്ച് ജീവനക്കാരിയായിരുന്ന ജെ. ശ്രീവിദ്യ രാജിവച്ച ശേഷം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇല്ലാത്ത പോസ്റ്റുകള്‍ സൃഷ്ടിക്കുന്നതുള്‍പ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചു സമഗ്രമായ അന്വേഷണം വേണമെന്ന് ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമാ മേഖലയെ ഒന്നാകെ നവീകരിക്കുന്നതിനെക്കുറിച്ചും ശുദ്ധികലശം നടത്തുന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോള്‍ അതിനെല്ലാം ചുക്കാന്‍ പിടിച്ചിരുന്ന ചലച്ചിത്ര അക്കാദമിയിലെ അഴിമതികളെക്കുറിച്ച് ശ്രീവിദ്യ പരാതിയില്‍ വിശദീകരിച്ചു. വനിതാ കമിഷനും മനുഷ്യാവകാശ കമിഷനും ശ്രീവിദ്യ പരാതി നല്‍കിയിട്ടുണ്ട്. മാനസികമായുള്ള സമ്മര്‍ദ്ദം താങ്ങാനാകാതെ ഒരു മാസം മുന്‍പാണ് ശ്രീവിദ്യ അക്കാദമിയിലെ ജോലി രാജിവച്ചത്. ജീവനക്കാരോട് തെരുവുനായ്ക്കളോടെന്ന പോലെയാണ് അക്കാദമിയുടെ തലപ്പത്തിരിക്കുന്നവര്‍ പെരുമാറുന്നതെന്നും പലരെയും ഗ്രൂപ്പിസത്തിന്റെ പേരില്‍ ബലിയാടാക്കുന്നതായും ശ്രീവിദ്യ തന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. എട്ടു വര്‍ഷം മുമ്പ് ഇന്റര്‍വ്യൂ നടത്തിയാണ് തന്നെ ജോലിക്കെടുത്തത്. എന്നാല്‍, കഴിഞ്ഞ കുറച്ചുമാസം മുന്‍പ് എന്റെ ഫയലൊന്നും അവിടെയില്ല എന്ന് അധികൃതര്‍ പറഞ്ഞു. പ്രതികാരമുള്ളവരുടെ ഫയലുകള്‍ ഇത്തരത്തില്‍ നശിപ്പിക്കുന്നത് അവിടെ പതിവാണ്. അതിന്റെ ഇരയാണ് താന്‍. കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങളിലായി അക്കാദമിയില്‍ നിന്നും പല കാരണങ്ങളും പറഞ്ഞു പിരിഞ്ഞു പോയ സ്ത്രീ ജീവനക്കാരെ കുറിച്ചും ആരും അറിയാറില്ല. ഏതെങ്കിലും ഒരു പരാതിയോ പ്രശ്‌നമോ പറഞ്ഞാല്‍ അത് ഒതുക്കി തീര്‍ക്കുകയും അതിന്റെ പേരില്‍ വെറേ പല പ്രശ്‌നങ്ങളും ഉണ്ടാക്കി അവരെ ഗതികേടിന്റെ പാരമ്യതയില്‍ എത്തിച്ചു അവിടെ നിന്നും പോകുവാനുള്ള ഒരു അവസ്ഥയിലേക്ക് തള്ളി വിടുകയുമാണ് ചെയ്യാറ്. ഇത് ഒരിക്കലും പുറം ലോകം അറിയാത്ത അക്കാദമിക്കുള്ളിലെ അധികാരത്തിന്റെ കഥകളാണ്.അസുഖമായി ചികില്‍സയിലായിരുന്നിട്ടുപോലും വൈരാഗ്യത്തിന്റെ പേരില്‍ ചികിത്സാ സഹായം പോലും അക്കാദമിയില്‍ ഭരണത്തിലിരിക്കുന്നവര്‍ നിഷേധിച്ചിട്ടുണ്ട്. വിവാഹമോചനം നേടിയ ഒരു സിംഗിള്‍ മദറാണ് താനെന്നും തന്റെ കുഞ്ഞിനെ പോറ്റാനും ചികില്‍സയ്ക്കുമായി ഒരു ജോലി അത്യാവശ്യമാണെങ്കിലും താന്‍ അത് മതിയാക്കി ഇറങ്ങിത് അത്രയ്ക്കു മടുത്തിട്ടാണ്. വേദനിച്ചിട്ടാണ്. -ശ്രീവിദ്യ പറഞ്ഞു.