പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് എട്ടുമാസം കഴിഞ്ഞില്ല; ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു

 

മുംബൈ: കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത മറാഠാ സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു. 35 അടി ഉയരമുള്ള പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയോടെ തകര്‍ന്നത്. അതേസമയം ശക്തമായ കാറ്റിനെ തുടര്‍ന്നാണ് പ്രതിമ തകര്‍ന്നതെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. സിന്ധുദുര്‍ഗിലെ രാജ്‌കോട്ട് കോട്ടയിലാണ് പ്രതിമ സ്ഥാപിച്ചത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി കനത്ത മഴയും കാറ്റുമാണിവിടെ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് നാവികസേനാ ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ തകര്‍ന്നതിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാശനഷ്ടങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മോശം നിര്‍മാണ പ്രവൃത്തി മൂലമാണ് പ്രതിമ തകര്‍ന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ശിവസേന (യുബിടി) എംഎല്‍എ വൈഭവ് നായിക് ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചേക്കാം. പ്രതിമയുടെ നിര്‍മ്മാണത്തിലെ വീഴ്ച സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി (എസ്പി) സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ ജയന്ത് പാട്ടീലും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. ശക്തമായ കാറ്റില്‍ പ്രതിമ തകര്‍ന്നത് ദൗര്‍ഭാഗ്യകരമാണെന്നും സ്ഥിതിഗതികള്‍ നേരിട്ട് പരിശോധിക്കാന്‍ മന്ത്രിയെ നിയോഗിച്ചിട്ടുണ്ടെന്നും
മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. അതേ സ്ഥലത്ത് പുതിയ പ്രതിമ സ്ഥാപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് പ്രതികരിച്ച സംസ്ഥാന മന്ത്രി ദീപക് കേസാര്‍ക്കര്‍ പറഞ്ഞു. പ്രശ്നം ഉടന്‍ ഫലപ്രദമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page