കാസര്‍കോട്:വയനാട് ഉള്‍പ്പെടെയുള്ള ദുരന്ത പശ്ചാത്തലത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കണ്ണൂര്‍ റീജിയണിന്റെ നേതൃത്വത്തില്‍ പെരിങ്ങോം, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍, കാസര്‍കോട്, ഉപ്പള എന്നീ അഗ്‌നിരക്ഷാനിലയങ്ങളിലെ 20 ഓളം ജീവനക്കാര്‍ക്ക് രണ്ടുദിവസങ്ങളിലായി റോപ്പ് റെസ്‌ക്യൂവില്‍ പരിശീലനം നല്‍കി. അഡ്വാന്‍സ്ഡ് റോപ്പ് റെസ്‌ക്യൂ ടെക്‌നിക്കല്‍ സ്‌കില്‍ പരിശീലനവും, റോപ്പ് ഉപയോഗിച്ചും അല്ലാതെയുള്ള വിവിധ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളും, വിവിധയിനം റസ്‌ക്യൂ കെട്ടുകളും, ഇരുപതോളം വരുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. തൃക്കരിപ്പൂര്‍ അഗ്‌നി രക്ഷാനിലയത്തിലാണ് പരിശീലനം നടന്നത്. വയനാട് മുണ്ടക്കൈയില്‍ ഇതേ രീതിയിലുള്ള ട്രെയിനിങ് കിട്ടിയതിന്റെ ഭാഗമായിട്ടാണ് കുത്തൊഴുക്കുള്ള പുഴയും കടന്നു കൈക്കുഞ്ഞുമായും, മറ്റു അനേകം പരിക്ക് പറ്റിയ ആള്‍ക്കാരെയും ഇക്കരെ കരയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. തൃക്കരിപ്പൂര്‍ അഗ്നിശമനാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ കെവി പ്രഭാകരന്റെ നേതൃത്വത്തില്‍ പരിശീലകരായ ജിതിൻ ശശീന്ദ്രൻ, സി വിനീഷ്, എം ജുബിന്‍, എന്നിവര്‍ ക്ലാസുകള്‍ നല്‍കി.