കാസര്‍കോട്: വൊര്‍ക്കാടി, പഞ്ചായത്തിലെ ദൈഗോളിയില്‍ പ്രവര്‍ത്തിക്കുന്ന കൊട്‌ലമുഗറു-പാത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ശനിയാഴ്ച രാത്രി കവര്‍ച്ചയ്ക്ക് ശ്രമിച്ചത് നാലംഗ സംഘമെന്ന് സൂചന. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖം മറച്ചാണ് സംഘം ബാങ്കിനകത്തു കടന്നത്. കാറിലാണ് നാലംഗ സംഘം എത്തിയതെന്നും ഇവരില്‍ മൂന്നു പേരാണ് ബാങ്കിനകത്തു കയറി കവര്‍ച്ചയ്ക്കു ശ്രമിച്ചതെന്നും ഒരാള്‍ ബാങ്ക് കെട്ടിടത്തിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇരിക്കുകയായിരുന്നുവെന്നും സംശയിക്കുന്നു. ശബ്ദം കേട്ട് ആരെങ്കിലും എത്തിയാല്‍ വിവരം അറിയിക്കുന്നതിനാണ് നാലാമന്‍ കാറില്‍ നിന്നു പുറത്തിറങ്ങാതിരുന്നതെന്നും സംശയിക്കുന്നു.
ഫോറന്‍സിക് വിദഗ്ധര്‍ ബാങ്കിനകത്തു നിന്നു ഏതാനും വിലരടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചു വരികയാണ്. ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ഷട്ടര്‍ കമ്പിപ്പാര ഉപയോഗിച്ച് ഇളക്കിമാറ്റിയാണ് കവര്‍ച്ചക്കാര്‍ അകത്ത് കടന്നത്.
മൂന്നാഴ്ച മുമ്പ് കുമ്പള സഹകരണ ബാങ്കിന്റെ പെര്‍വാഡ് ശാഖയില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച സംഘം തന്നെയാണ് കൊട്‌ലമുഗറു ബാങ്കിലെ കവര്‍ച്ചാശ്രമത്തിനു പിന്നിലെന്നും സംശയിക്കുന്നു. ഇരു സ്ഥലങ്ങളിലും കവര്‍ച്ചക്കായി ശനിയാഴ്ച തന്നെ തെഞ്ഞെടുത്തതാണ് ഇത്തരമൊരു സംശയത്തിനു കാരണം. അവധി ദിവസത്തിനു തലേനാള്‍ കവര്‍ച്ച നടത്തുന്നത് പ്രൊഫഷണല്‍ കവര്‍ച്ചക്കാരുടെ രീതിയാണ്. പെര്‍വാഡ്, കൊട്‌ലമൊഗറു എന്നിവിടങ്ങളില്‍ ഈ രീതി പ്രകടമാണെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.
