കണ്ണൂർ: തലശേരിയിൽ ആംബുലൻസും ഫയർ എഞ്ചിനും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. ഏഴാം കൊട്ടിൽ സ്വദേശി മിഥുൻ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11നാണ് അപകടം. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ് കുളം ബസാറിലേക്ക് തീയണയ്ക്കാനായി പോയ ഫയർ എഞ്ചിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു. ഫയർ എഞ്ചിന്റെ മുൻഭാഗത്തെ ചില്ല് ഉൾപ്പെടെ തകർന്നിട്ടുണ്ട്. ആംബുലൻസിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലൻസെത്തിച്ച് മാറ്റുകയായിരുന്നു.







