കാസര്‍കോട്: കുമ്പള ജി എസ് ബി സ്‌കൂള്‍ വളപ്പിലെ മരം റോഡിലേയ്ക്ക് കടപുഴകി വീണ് രണ്ടു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. അപകട സമയത്ത് അതു വഴി നടന്നു പോവുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിയും കുമ്പളയിലെ കോണ്‍ക്രീറ്റ് തൊഴിലാളിയുമായ സായ്കൃഷ്ണ റെഡ്ഡി (49)ക്ക് പരിക്കേറ്റു. ഇയാളെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. സ്‌കൂളിനു പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനു വേണ്ടി മണ്ണു നീക്കുകയും മരത്തിന്റെ ഒരു ഭാഗത്തെ ശാഖകള്‍ വെട്ടി മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ റോഡിലേയ്ക്കുള്ള ശാഖകള്‍ അതേപടി നിലനിര്‍ത്തുകയായിരുന്നു. ഇതാണ് മരം റോഡിലേയ്ക്കു മറിഞ്ഞു വീഴാന്‍ ഇടയാക്കിയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എസ് ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മരം മുറിച്ചുമാറ്റി. സ്‌കൂളിനു അവധി ദിവസമായതിനാലാണ് വന്‍ ദുരന്തം ഒഴിവായതെന്നു പരിസരവാസികള്‍ പറഞ്ഞു.
