കാസര്‍കോട്: ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് കാസര്‍കോട്ടെ എല്‍ ഐ സി ഉദ്യോഗസ്ഥന്റെ 12.75 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അബുദാബിയിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍. മലപ്പുറം, കോടൂര്‍, ഉര്‍ദ്ദു നഗറിലെ വി ഹിബത്തുള്ള (24)യെ ആണ് കാസര്‍കോട് ടൗണ്‍ പൊലീസ് ചെന്നൈ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. കാസര്‍കോട്ടെ എല്‍ ഐ സി ഉദ്യോഗസ്ഥന്‍ തൃക്കരിപ്പൂര്‍ ഉദിനൂരിലെ എ വി വേണുഗോപാലിന്റെ പണം തട്ടിയ കേസിലാണ് അറസ്റ്റ്. പണം തട്ടിയ സംഭവത്തിലെ മുഖ്യകണ്ണി ഹിബത്തുള്ളയാണെന്ന് പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇയാളെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് ഹിബത്തുള്ള അബുദാബിയിലേക്ക് പോകാന്‍ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു.
സാമൂഹ്യമാധ്യമം വഴിയാണ് ഇയാള്‍ വേണുഗോപാലിനെ പരിചയപ്പെട്ടത്. പണം തട്ടിയ കേസില്‍ മലപ്പുറം കോടൂര്‍ കടമ്പോട് വീട്ടിലെ മുഹമ്മദ് നിഷാം (23), കോഴിക്കോട്ടെ കെ നിഖില്‍ (34), ജാസിം (25) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.