കാണാതായ പിഗ്മി കലക്ഷന്‍ ഏജന്റിന്റെ മൃതദേഹം കണ്ടെത്തി; ചന്ദ്രഗിരി പുഴയില്‍ ചാടിയതിന്റെ കാരണം അവ്യക്തം

 

കാസര്‍കോട്: കാണാതായ പിഗ്മി കലക്ഷന്‍ ഏജന്റിന്റെ മൃതദേഹം കണ്ടെത്തി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാമ്പാച്ചിക്കടവ് അയ്യപ്പ ഭജന മന്ദിരത്തിനു സമീപത്തെ ബി.എ രമേഷി(50)ന്റെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ നെല്ലിക്കുന്ന് കടലില്‍ കണ്ടെത്തിയത്. കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ പിഗ്മി കലക്ഷന്‍ ഏജന്റാണ് രമേഷ്. പതിവുപോലെ വ്യാഴാഴ്ച രാവിലെ ജോലിക്കു പോയതായിരുന്നു. സാധാരണ നിലയില്‍ രാത്രി 8.30മണിയോടെ തിരിച്ചെത്തുകയാണ് പതിവ്. എന്നാല്‍ അന്ന് രാത്രി ഒന്‍പതു മണിയായിട്ടും തിരിച്ചെത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് രമേഷിന്റെ ഭാര്യാ സഹോദരന്‍ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ രമേഷിന്റെ സ്‌കൂട്ടര്‍ ചന്ദ്രഗിരി പാലത്തിനു മുകളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരിശോധിച്ചപ്പോള്‍ സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന ബാഗില്‍ നിന്നും പണവും അണിഞ്ഞിരുന്ന സ്വര്‍ണാഭരണവും ഫോണും ലഭിച്ചു.
ഇതോടെ രമേഷ് പുഴയില്‍ ചാടിയതായിരിക്കാമെന്ന സംശയം ഉയര്‍ന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും ചന്ദ്രഗിരിപുഴയില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തെരച്ചില്‍ തുടരുന്നതിനിടയില്‍ ശനിയാഴ്ച രാവിലെയാണ് രമേഷിന്റെ മൃതദേഹം നെല്ലിക്കുന്ന് കടലില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ ആനന്ദ്-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാലിനി. മക്കള്‍: ഹരിദേവ്, വിഷ്ണുപ്രിയ(ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ദിനേശന്‍, സുരേശന്‍, വനജ, ബാനു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page