കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ മകളെ കാണാനില്ല; കന്യാകുമാരിയിലേക്ക് പോയതായി സംശയം; പൊലീസ് വ്യാപക തെരച്ചിൽ നടത്തുന്നു 

 

കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ മകളെ കാണാനില്ലെന്ന് പരാതി. അസം സ്വദേശി അൻവർ ഹുസൈന്റെ മകളായ തസ്മിത് തംസുംനെയാണ് ചൊവ്വ രാവിലെ പത്തോടെ കാണാതായത്. രാവിലെ കുട്ടിയെ അമ്മ വഴക്കുപറഞ്ഞിരുന്നുവെന്നും അതിനുശേഷം കാണാതായെന്നും പരാതിയിൽ പറയുന്നു. വൈകിട്ട്‌ നാലിനുശേഷമാണ് രക്ഷകർത്താക്കൾ സ്റ്റേഷനിൽ വിവരം പറഞ്ഞത്. കണിയാപുരം ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ്. അസമീസ് ഭാഷ മാത്രമേ കുട്ടിക്ക് അറിയൂവെന്ന്‌ മാതാപിതാക്കൾ പറയുന്നു. സിസിടിവിയും മറ്റും പരിശോധിച്ച് തിരച്ചിൽ ആരംഭിച്ചു. ബാ​ഗുമായി തിരുവനന്തപുരം ഭാ​ഗത്തേക്ക് സഞ്ചരിച്ചുവെന്ന നി​ഗമനത്തിൽ റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെൻട്രലിൽനിന്ന് സിലിച്ചറിലേക്കുള്ള അരണോയ് എക്സ്പ്രസിൽ പ്രത്യേക പരിശോധനയും നടത്തി. അസമിലേക്കുള്ള ട്രെയിനാണിത് എന്നതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിലായിരുന്നു പരിശോധന. അതിനിടെ കന്യാകുമാരിലേക്കുള്ള ട്രെയിനിൽ കുട്ടി കയറിയതായി ഒരു സ്ത്രീ പൊലീസിനെ അറിയിച്ചിരുന്നു. ട്രെയിനിൽ ഇരുന്ന് കുട്ടി കരയുന്നതു കണ്ട യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുക്കുകയായിരുന്നു. ഈ ഫോട്ടോയാണ് പൊലീസിന് ലഭിച്ചത്. കുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പൊലീസിനെ അറിയിച്ചു. കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞിരുന്നു. ലഭിച്ച ചിത്രത്തിൽ നിന്ന് കുട്ടിയെ തിരിച്ചറി‌ഞ്ഞ‌ പൊലീസ് ഫോട്ടോ കുട്ടിയുടെ വീട്ടുകാരെയും കാണിച്ചു. പെൺകുട്ടിയുടെ അച്ഛൻ ഇത് തന്റെ മകൾ തന്നെയെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കന്യാകുമാരി പൊലീസിന് ഇതിനോടകം തന്നെ കേരള പൊലീസ് വിവരം കൈമാറിയിട്ടുണ്ട്. കന്യാകുമാരി വരെ മാത്രം പോകുന്ന ട്രെയിൻ ആയതിനാൽ അവിടെത്തന്നെ ഇറങ്ങിയിരിക്കാനുള്ള സാധ്യതയാണുള്ളത്. എന്നാൽ ഇടയ്ക്ക് മറ്റേതെങ്കിലും സ്റ്റേഷനിൽ ഇറങ്ങാനുള്ള സാധ്യതയുമുണ്ട്. കന്യാകുമാരി എത്തുന്നതിന് മുമ്പ് ഈ ട്രെയിനിന് അഞ്ച് സ്റ്റോപ്പുകളുമുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള പൊലീസ് സംഘം കന്യാകുമാരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page