ബംഗളൂരു :പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാർഥിനിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആൾ ബലാത്സംഗം ചെയ്തു വഴിയിൽ ഉപേക്ഷിച്ചു. ബംഗളൂരു നഗരത്തിലെ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയെയാണ് ക്രിമിനൽ സംഘത്തിൽ പെട്ട യുവാവ് പീഡിപ്പിച്ചത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. കോറമംഗലയിൽ നടന്ന പാർട്ടിക്കുശേഷം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി. അപ്പോഴാണ് ഒരു യുവാവ് ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയത്. ദീർഘദൂരം ഓടിച്ചു പോയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗക്കേസ് റജിസ്‌റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡീഷനൽ പൊലീസ് കമ്മിഷണർ രാമൻ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. എച്ച്എസ്ആർ ലേഔട്ടിലെ ഹൊസൂർ സർവീസ് റോഡിന് സമീപം ട്രക്കിന് പിന്നിൽ ഉപേക്ഷിക്കപ്പെട്ട ചുവന്ന ജാക്കറ്റ് മാത്രം ധരിച്ച 21 കാരി സുഹൃത്തുക്കളെ വിളിച്ചു വരുത്തിയിരുന്നു. അവർ എത്തുമ്പോഴേക്കും യുവാവ് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. തുടർന്ന് സുഹൃത്തുക്കളാണ് യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില അല്പം ഗുരുതരമാണെന്നും എസിപി രാമൻ ഗുപ്ത പറഞ്ഞു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതീയ ന്യായ സൻഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.