തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെര്‍മിറ്റില്‍ മാറ്റം വരുത്തി സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. കേരളം മുഴുവന്‍ ഇനി മുതല്‍ ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനായി പെര്‍മിറ്റ് അനുവദിക്കും. മുമ്പ് ഒരു ജില്ലക്കുള്ളില്‍ ഓടാന്‍ മാത്രമായിരുന്നു പെര്‍മിറ്റ് നല്‍കിയിരുന്നത്. ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനുള്ള ഇളവും പെര്‍മിറ്റില്‍ നല്‍കിയിരുന്നു. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേര്‍ന്നാണ് പുതിയ തീരുമാനമെടുത്തത്. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂര്‍ മാടായി ഏര്യ കമ്മിറ്റി നല്കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഓട്ടോകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്തായിരുന്നു ഇതുവരെ പെര്‍മിറ്റ് നല്‍കാതിരുന്നത്. ദീര്‍ഘദൂര പെര്‍മിറ്റുകള്‍ അനുവദിച്ചാല്‍ അപകടം കൂടുമെന്നായിരുന്നു വാഹനവകുപ്പിലെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. കൂടാതെ സംസ്ഥാനത്ത് അതിവേഗ പാതകള്‍ വരുകയാണെന്നും സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെയുളളവ ഓട്ടോയ്ക്ക് ഇല്ലെന്നും ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്തിരിക്കുന്നത്. പെര്‍മിറ്റില്‍ പുതിയ ഇളവുകള്‍ ലഭിക്കുന്നതിനായി ഓട്ടോറിക്ഷകള്‍ സ്റ്റേറ്റ് പെര്‍മിറ്റ് ആയി രജിസ്റ്റര്‍ ചെയ്യണം. ഓട്ടോറിക്ഷ ഇന്‍ ദ സ്റ്റേറ്റ് എന്ന രീതിയിലാണ് പെര്‍മിറ്റ് സംവിധാനത്തില്‍ മാറ്റം വരുന്നത്.