മകള്‍ ഇതരമതസ്ഥനൊപ്പം ഒളിച്ചോടിയതിന് യുവാവിന്റെ മാതാവിനെ തട്ടികൊണ്ടുപോയി യുവതിയുടെ കുടുംബം. തമിഴ്നാട് ധര്‍മാപുരിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയായിരുന്നു മൊറാര്‍പൂര്‍ സ്വദേശികളായ ദമ്പതികള്‍ ഒളിച്ചോടിയത്. സംഭവത്തിന് പിന്നാലെ മകളെ വിട്ടുകിട്ടാന്‍ യുവാവിന്റെ മാതാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം ഒളിവിലാണ്. സംഭവത്തില്‍ പൊലീസ് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ദമ്പതികളെയും പെണ്‍കുട്ടിയുടെ കുടുംബത്തെയും കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ മാതാവിനെ പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.
യുവാവും പെണ്‍കുട്ടിയും ബംഗളൂരുവില്‍ ജോലി ചെയ്ത് വരികയായിരുന്നു. അടുപ്പത്തിലായ ഇവര്‍ വീട്ടുകാരുടെ സമ്മതം നോക്കാതെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ കുടുംബം പൊലീസില്‍ പരാതി നല്‍കി. യുവാവിനെ സംശയിക്കുന്നതായി കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതിരുന്നതോടെയാണ് ബുധനാഴ്ച രാവിലെ വീട്ടുകാര്‍ യുവാവിന്റെ വീട്ടിലെത്തിയപ്പോള്‍ ദമ്പതികളെ കണ്ടില്ല. ഇതേ തുടര്‍ന്ന് യുവാവിന്റെ മാതാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയാല്‍ യുവാവ് മകളെ തിരിച്ചയക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു സംഭവമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷിക്കുന്നതായി വിവരമറിഞ്ഞതോടെ മാതാവിനെ വഴിയില്‍ ഉപേക്ഷിച്ചു.
