മംഗ്‌ളൂരു: യുവാവിനെ മാതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. മംഗ്‌ളൂരു, ബജാല്‍ സ്വദേശി തന്‍വീന്‍, പടുബിദ്രിയിലെ ഇക്ബാല്‍, നടേക്കല്‍ സ്വദേശി നിയാസ്, ജപ്പുവിലെ മുഹമ്മദ് നൗഷാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
മംഗ്‌ളൂരുവിലെ ഗുണ്ടാതലവന്മാരില്‍ ഒരാളായിരുന്ന ടാര്‍ഗറ്റ് ഇല്യാസ് കൊലക്കേസിലെ രണ്ടാം പ്രതിയായ ഉള്ളാള്‍, കല്ലാപ്പു, കടപ്പുറത്തെ സമീറിനെ വെട്ടിക്കൊന്ന കേസിലാണ് ഇവരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ മുഹമ്മദ് നൗഷാദ് കൊല്ലപ്പെട്ട ഇല്യാസിന്റെ ഭാര്യാസഹോദരനാണ്.
ഞായറാാഴ്ച രാത്രി കല്ലാപ്പുവില്‍ വച്ചാണ് സെമീര്‍ വെട്ടേറ്റു മരിച്ചത്. മറ്റൊരു കേസില്‍ അറസ്റ്റിലായ സെമീര്‍ രണ്ടു ദിവസം മുമ്പാണ് ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. രാത്രി മാതാവിനെയും കൂട്ടി ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച് തിരികെ പോകാന്‍ കാറില്‍ കയറുന്നതിനിടയിലാണ് സെമീറിനു വെട്ടേറ്റത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഓടിച്ചിട്ടാണ് വെട്ടിക്കൊന്നത്.
ഇല്യാസിനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ്് കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു.
സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.
2018ല്‍ ആണ് ജപ്പുവിലെ ഫ്‌ളാറ്റില്‍ കയറി ഇല്യാസിനെ വെട്ടിക്കൊന്നത്. ഈ സംഭവത്തിനു ഇല്യാസിന്റെ ഭാര്യാസഹോദരന്‍ ദൃക്‌സാക്ഷിയായിരുന്നു.








