കാസര്‍കോട്: കിഫ്ബി സ്പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ അടിക്കടിയുള്ള സ്ഥലംമാറ്റം കാരണം ജില്ലയുടെ സ്വപ്ന പദ്ധതിയായ രാജാറോഡ് വികസന പദ്ധതി സ്തംഭിച്ചു. ജില്ലയിലെ മൂന്നാമത്തെ വലിയ നഗരമായ നീലേശ്വരത്തിന്റെ മുഖച്ഛായ മാറ്റുന്ന സ്വപ്നപദ്ധതിയാണ് വഴിമുട്ടിയത്. 2018ലെ സംസ്ഥാന ബജറ്റിലാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജാറോഡ് നവീകരണ പദ്ധതി പ്രഖ്യാപിച്ചത്. ദേശീയപാതയിലെ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നു തുടങ്ങി മേല്‍പ്പാലം വരെ നീളുന്ന ഒരു കിലോമീറ്ററും 300 മീറ്ററും വരുന്ന റോഡാണ് രാജാറോഡ്. നഗരസിരാകേന്ദ്രമാണ് ഈ വഴി. കിഫ്ബി പദ്ധതിയില്‍ പ്രഖ്യാപിച്ച പദ്ധതിക്കു 2019ല്‍ തന്നെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ തുടങ്ങിയിരുന്നു. ജില്ലയിലെ കിഫ്ബി പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനായി കാസര്‍കോട് കലക്ടറേറ്റില്‍ പ്രത്യേക ഓഫിസ് അനുവദിച്ച് സ്പെഷ്യല്‍ തഹസില്‍ദാര്‍മാരെ നിയമിച്ചു. എന്നാല്‍ 3 വര്‍ഷത്തിനിടെ 4 തഹസില്‍ദാര്‍മാര്‍ സ്ഥലംമാറിപ്പോയി. തിരുവനന്തപുരം സ്വദേശികളായ ആദ്യ രണ്ട് തഹസില്‍ദാര്‍മാരും അടിക്കടിയാണ് സ്ഥലം മാറിയത്. മൂന്നാമതെത്തിയ ആലപ്പുഴ സ്വദേശിനി ഒരു വര്‍ഷത്തോളമുണ്ടായ കാലത്താണ് സ്ഥലമേറ്റെടുപ്പിനുള്ള 11/1 ബി എന്ന ആദ്യ നോട്ടിഫിക്കേഷന്‍ ഇറക്കി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഏതൊക്കെ സര്‍വേ നമ്പറിലെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നു എടുത്തു പറയുന്ന വിജ്ഞാപനമാണിത്. ഓരോ സര്‍വേ നമ്പറിലും എത്ര സ്ഥലം വീതമാണ് ഏറ്റെടുക്കേണ്ടതെന്നു പറയുന്ന 19/1 എന്ന വിജ്ഞാപനവും തുടര്‍ന്ന് ഇറങ്ങി. റോഡ് നവീകരണത്തിനായി സ്ഥലം ഏറ്റെടുത്ത് കൈമാറേണ്ട ചുമതല റവന്യൂ വകുപ്പിനും കിഫ്ബി റോഡുകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് പി.ഡബ്ല്യു.ഡിയുടെ ഉപവിഭാഗമായി രൂപീകരിച്ച കേരള റോഡ് ഫണ്ട് ബോര്‍ഡും (കെ.ആര്‍.എഫ്.ബി) ആണ്. കിഫ്ബി പദ്ധതിയില്‍ പ്രഖ്യാപിച്ച പല പദ്ധതികളും നീലേശ്വരത്തും പരിസരത്തുമാണ്. എന്നാല്‍ ഇതിന്റെ സ്ഥലമേറ്റെടുക്കുന്നതിനുള്ള ഓഫീസ് പ്രവര്‍ത്തിക്കുന്നത് കാസര്‍കോടും. കിഫ്ബി പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനായി കാസര്‍കോട് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഓഫീസ് നീലേശ്വരത്തേക്ക് മാറ്റിയാല്‍ രാജാറോഡ് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.