കണ്ണൂര്‍:സ്‌കൂള്‍ വിട്ട് വീട്ടിലേക്കു നടന്നു പോവുകയായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും കൂടെ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കും എതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. സ്‌കൂള്‍ വിട്ട ശേഷം തളിപ്പറമ്പില്‍ നിന്നു ബസ് കയറിയ പെണ്‍കുട്ടി ചുടലയില്‍ ഇറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു. ഈ സമയത്ത് ഒരാള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നു. അല്‍പദൂരം പിന്നിട്ടതോടെ ഒരു ഓട്ടോറിക്ഷ പെണ്‍കുട്ടിയുടെ സമീപത്ത് നിര്‍ത്തി. ഈ സമയത്ത് പിന്തുടരുകയായിരുന്ന ആള്‍ പെണ്‍കുട്ടിയെ ഓട്ടോയിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ വായ പൊത്തിപ്പിടിച്ചു. ഓട്ടോ കുറച്ചുകൂടി മുന്നോട്ടുപോയി. ഇതിനിടയില്‍ പന്തികേടു തോന്നിയ അക്രമികള്‍ പെണ്‍കുട്ടിയെ റോഡരുകില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. വീട്ടിലെത്തിയ പെണ്‍കുട്ടി ഉണ്ടായ സംഭവങ്ങളെല്ലാം രക്ഷിതാക്കളോട് പറഞ്ഞു. രക്ഷിതാക്കള്‍ കുട്ടിയേയും കൂട്ടി തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം നടന്നത് പരിയാരം മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറി.







