കണ്ണൂര്‍: കുഞ്ഞിമംഗലത്തു പൊലീസിനു നേരെ അക്രമം. എസ്.ഐ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു പൊലീസ് പറഞ്ഞു. പയ്യന്നൂര്‍ എസ്.ഐ സി.സനിത്ത് (30), സിവില്‍ പൊലീസ് ഓഫീസര്‍ കെ. ലിവിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. കുഞ്ഞിമംഗലം, ആണ്ടാംകൊവ്വലില്‍ തീയ്യക്ഷേമ സഭയുടെയും ക്ഷേത്രസംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു. പരിപാടികള്‍ക്കിടയില്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് എസ്.ഐ.യും സംഘവും സ്ഥലത്തെത്തിയത്. നാലുമണിക്ക് ആരംഭിച്ച യോഗം ആറരയോടെ സമാപിച്ചു. പരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന തീയ്യക്ഷേമ സഭ പ്രവര്‍ത്തകനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചതായി പറയുന്നു. ഇതു തടയാന്‍ എത്തിയപ്പോഴാണ് പൊലീസിനു നേരെ തിരിഞ്ഞത്. എസ്.ഐയെ അടിച്ചു വീഴ്ത്തിയ ശേഷം വിരല്‍ പിടിച്ച് വലിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. എസ്.ഐ.യെ അക്രമിക്കുന്നത് തടയുന്നതിനിടയിലാണ് പൊലീസുകാരനെയും അക്രമിച്ചത്. സംഭവത്തില്‍ കുഞ്ഞി മംഗലത്തെ പ്രിയേഷ്, സന്തോഷ്, ഹര്‍ഷാദ്, കണ്ടാല്‍ അറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.







