കണ്ണൂര്‍: ഭാര്യയേയും മക്കളെയും പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശനത്തിനു അയച്ച ശേഷം മറുനാടന്‍ തൊഴിലാളികളെ കൊള്ളയടിച്ച സംഭവത്തില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘം അറസ്റ്റില്‍. ആലപ്പുഴ, ചേര്‍ത്തല പട്ടണക്കാട് സ്വദേശി കുഴിവേലില്‍ എ.എന്‍ അനൂപ് (45), തൃശൂര്‍ ചാലക്കുടി, കുറ്റിച്ചിറയിലെ കെ.എസ് അനീഷ് (30)എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്.
ജുലൈ 30ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. പശ്ചിമബംഗാള്‍ സ്വദേശികളായ ബികാസ്ചൗധരി, ഗൗതം എന്നിവരാണ് കൊള്ളയ്ക്ക് ഇരയായത്. സംഭവദിവസം രാവിലെ തളിപ്പറമ്പ് റോഡരികില്‍ പണിക്കുപോകാനായി നില്‍ക്കുകയായിരുന്നു ഇരുവരും. ഈ സമയത്ത് കാറുമായി എത്തിയ പ്രതികള്‍ പൂ പറിച്ചെടുക്കുന്ന ജോലി ഉണ്ടെന്നു പറഞ്ഞാണ് ഇരുവരെയും കൂട്ടിക്കൊണ്ടു പോയത്. പരിയാരം, അമ്മാനപ്പാറയില്‍ കാര്‍ നിര്‍ത്തിയ ശേഷം ഇരുവരെയും തോട്ടത്തിലേക്ക് പറഞ്ഞയച്ചു. ഈ സമയത്ത് 11,000 രൂപയും 33,000 രൂപ വീതം വിലയുള്ള രണ്ടു മൊബൈല്‍ ഫോണുകളും അടങ്ങിയ ബാഗ് കാറിനകത്താണ് വച്ചിരുന്നത്. ബികാസും ഗൗതവും ജോലി തുടങ്ങിയതിനു പിന്നാലെ പ്രതികള്‍ കാറുമായി രക്ഷപ്പെട്ടു. അതിനു ശേഷം പറശ്ശിനിക്കടവിലെത്തി ക്ഷേത്ര ദര്‍ശനം നടത്തിയ കുടുംബത്തെ കൂടെ കൂട്ടി സ്ഥലം വിട്ടു. പിന്നീട് കുടുംബത്തെ സ്വദേശത്ത് എത്തിച്ച ശേഷം അനീഷും അനൂപും തമിഴ്‌നാട്, പൊള്ളാച്ചിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
ജോലി ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കു ശേഷമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്നു തൊഴിലാളികള്‍ക്കു മനസ്സിലായത്. തുടര്‍ന്ന് പരിയാരം പൊലീസില്‍ പരാതി നല്‍കി. സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അനീഷും അനൂപും പൊള്ളാച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ നിന്നു പിടിയിലായത്. അനീഷിനെതിരെ തൃശൂരില്‍ ബലാത്സംഗ കേസും അനൂപിനെതിരെ കവര്‍ച്ചാ കേസുമുണ്ട്. ഇതിനു പുറമെ അതിരപ്പള്ളി, ചേര്‍ത്തല, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും തമിഴ്‌നാട്ടിലും കേസുള്ളതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.