നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പോകാന്‍ എത്തിയ മനോജ് കുമാര്‍ എന്ന ആളാണ് പിടിയിലായത്. സുരക്ഷാ ജീവനക്കാരന്റെ ചോദ്യത്തിന് ബാഗില്‍ ബോംബ് ആണെന്ന് മറുപടി പറഞ്ഞതിനാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്തപ്പോള്‍ താന്‍ തമാശ പറഞ്ഞതാണെന്ന് ഇയാള്‍ മൊഴി നല്‍കുകയായിരുന്നു. സമാനമായ സംഭവം കഴിഞ്ഞ ദിവസവും ഉണ്ടായിരുന്നു. ലഗേജില്‍ ബോംബ് ഉണ്ടെന്ന യാത്രക്കാരന്റെ തമാശ കാരണം രണ്ടു മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. ആഫ്രിക്കയില്‍ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് യാത്രക്കാരെയും വിമാനത്താവള അധികൃതരെയും വട്ടം കറക്കിയത്. പ്രശാന്തും ഭാര്യയും മകനും ആണ് വിമാനത്തില്‍ യാത്രചെയ്യാന്‍ എത്തിയത്. തായ് എയര്‍ലൈന്‍സില്‍ തായ്ലാന്‍ഡിലേക്ക് പോകാനാണ് ഇവര്‍ എത്തിയത്. മറ്റ് നാലുപേര്‍ കൂടി ഒരുമിച്ചാണ് ടിക്കറ്റ് എടുത്തിരുന്നത്. ബാഗില്‍ എന്തെങ്കിലും ഉണ്ടോ എന്ന ഉദ്യോഗസ്ഥരുടെ ചോദ്യം ഇഷ്ടപ്പെടാതെ വന്നപ്പോള്‍ ബോംബ് ആണെന്ന് പറഞ്ഞുവത്രേ. ഇതേ തുടര്‍ന്ന് സംശയം വന്ന ഉദ്യോഗസ്ഥര്‍ വിമാനം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.