കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ യുവകഥാകൃത്തായ പിവി ഷാജി കുമാറിന്റെ ആദ്യ നോവലാണ് ‘മരണവംശം’. ഒരുമാസം മുന്‍പ് ‘മരണവംശം’ സിനിമയാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നടനും സംവിധായകനുമായ രാജേഷ് മാധവന്‍ ആണ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മരണവംശം, കാസര്‍കോടിനും കര്‍ണാടകയ്ക്കും അതിര്‍ത്തിയായി ഉള്ള ഏര്‍ക്കാന എന്ന സാങ്കര്‍പ്പിക പ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന നോവലാണ്. മൂന്ന് തലമുറകളുടെ സ്‌നേഹവും പ്രതികാരവുമാണ് ഇതിവൃത്തം. ഈ നോവലിന്റെ കഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാജികുമാര്‍ നടന്‍ മമ്മൂട്ടിയോടെ
പറഞ്ഞുകൊടുത്തിരുന്നു. നോവലും കൊണ്ട് വരാമെന്നും പറഞ്ഞിരുന്നു. തിരക്കിനിടയില്‍ നോവല്‍ വായിക്കാനൊക്കെ എവിടെ നേരം എന്നാലോചിച്ച് മമ്മൂട്ടിയെ കാണാന്‍പോയില്ല. എന്നാല്‍ ഒരുമാസം മുമ്പാണ് എന്താണ് മരണവംശത്തിന്റെ കഥ എന്നുചോദിച്ച് വാട്ട്‌സാപില്‍ സൂപ്പര്‍ താരത്തിന്റെ മെസേജ് വന്നത്. അങ്ങനെ മരണവംശത്തിന്റെ ഒരു കോപ്പി മമ്മൂക്കയുടെ കയ്യിലെത്തിച്ച സന്തോഷത്തിലാണ് ഷാജി കുമാര്‍ ഇപ്പോള്‍. ഇക്കാര്യം ഫേസ് ബുക്കിലൂടെയാണ് നോവലിസ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. ജനം, വെള്ളരിപ്പാടം, കിടപ്പറസമരം തുടങ്ങിയ കഥാസമാഹാരങ്ങള്‍ രചിച്ച ഷാജികുമാര്‍, ടേക്ക് ഓഫ്, കന്യക ടാക്കീസ്, ടീച്ചര്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടി നായകനായ ‘പുത്തന്‍പണം’ എന്ന ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് പി വി ഷാജികുമാര്‍ ആയിരുന്നു.
ഫേസ് ബുക്കില്‍ കുറിച്ചത്:
‘എന്താണ് മരണവംശത്തിന്റെ കഥ ..?”
ഒരു മാസം മുമ്പ് വാട്‌സാപ്പില്‍ മമ്മൂക്കയുടെ മെസ്സേജ്.
‘2016-ല്‍ പുത്തന്‍പണത്തിന്റെ ഷൂട്ട് സമയത്ത് ഞാനീ കഥ മമ്മൂക്കയോട് പറഞ്ഞിരുന്നു ..’
‘ഞാനത് മറന്നുപോയല്ലോ..’
‘ഞാന്‍ നോവലും കൊണ്ടുവരാം..’
‘വരൂ..’
തിരക്കിനിടയില്‍ മമ്മൂക്കക്ക് നോവല്‍ വായിക്കാനൊക്കെ എവിടെ നേരം എന്നാലോചിച്ച് ഞാന്‍ പോയിക്കണ്ടില്ല.
മൂന്നാഴ്ച മുമ്പ് മറ്റൊരു പരിപാടിയില്‍ വെച്ച് കണ്ടപ്പോള്‍ മമ്മൂക്ക വീണ്ടും ചോദിച്ചു.
”എവിടെ മരണവംശം..?”
അങ്ങനെ ഇന്നലെ പോയി മമ്മൂക്കയെ കണ്ടു.
മരണവംശം കൊടുത്തു.