പുഴയില്‍ ഒഴുകി വന്ന ലക്ഷങ്ങള്‍ വിലയുള്ള പ്ലാവ് മുറിച്ചു ലേലം ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടറി തൊഴിലാളിയുമായി എത്തിയപ്പോള്‍ മരം കാണാതായി

കാസര്‍കോട്: അതിരൂക്ഷമായി പെയ്ത മഴയില്‍ പള്ളത്തടുക്ക പുഴയിലൂടെ ഒഴുകിവന്ന് കുടുപ്പംകുഴി ഡാമില്‍ കുടുങ്ങി നിന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന പ്ലാവ് മരം സൈസാക്കി ലേലം ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടറി മരംവെട്ടുകാരനുമായി സ്ഥലത്തെത്തിയപ്പോള്‍ മരം കാണാനില്ല.
മരം ഡാമില്‍ കുടുങ്ങിക്കിടക്കുന്നതു കണ്ട നാട്ടുകാര്‍ വിവരം ഉടന്‍ ബദിയഡുക്ക വില്ലേജ് ഓഫീസറെ അറിയിക്കുകയും അതിനിടയില്‍ ഒരു കഷണം മരത്തില്‍ നിന്നു മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. മുറിച്ചുമാറ്റിയ മരക്കഷ്ണം മുറിച്ചവരെ കൊണ്ടു തന്നെ വില്ലേജ് ജീവനക്കാരന്‍ പുഴയില്‍ തിരിച്ചിടീച്ചു. അതും കാണാതായിരിക്കുകയാണ്.
ഇതു സംബന്ധിച്ചു പഞ്ചായത്തധികൃതര്‍ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷിക്കുന്നുണ്ട്. ആര് അന്വേഷിച്ചാലും പ്രതിയെ തൊടാന്‍ ആര്‍ക്കുമാവില്ലെന്നു നാട്ടുകാര്‍ പറയുന്നു. സംഭവത്തിനു പിന്നില്‍ ഒരു മെമ്പറെ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ പേരുപറയാന്‍ എല്ലാവരും വിസമ്മതിക്കുന്നു.
കഴിഞ്ഞ വര്‍ഷവും അതിനുമുമ്പത്തെ വര്‍ഷവും ഇത്തരത്തില്‍ കൂറ്റന്‍ തേക്കുകളും വിലപിടിപ്പുള്ള മറ്റു മരങ്ങളും ഒഴുകിയെത്തി ഡാമില്‍ തടഞ്ഞു നിന്നിരുന്നു. ലക്ഷങ്ങള്‍ വില പിടിപ്പുള്ള ആ മരങ്ങളും ഒറ്റ രാത്രി കൊണ്ട് കാണാന്‍ പോലുമില്ലാതാവുകയായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു.
വേനല്‍ രൂക്ഷമാവുമ്പോള്‍ ഇതേ സംഘം പുഴവക്കിലും കര്‍ണ്ണാടക വനങ്ങളിലുമുള്ള മുന്തിയ ഇനം മരങ്ങളുടെ വേരു മുറിച്ചു നിറുത്തുകയും മഴയത്തു പുഴയില്‍ വീഴുന്ന മരങ്ങള്‍ പള്ളത്തടുക്ക പുഴയിലൂടെ ഒഴുകി കുടുപ്പംകുഴി അണക്കെട്ടിലെത്തിച്ചു കൊള്ളയടിക്കുകയാണ് പതിവു പരിപാടിയെന്നു നാട്ടുകാര്‍ പറയുന്നു. അതിന്റെ അന്വേഷണവും ഒന്നുമല്ലാതെ അവസാനിക്കുകയായിരുന്നുവെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page