കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുo. രാവിലെ പതിനൊന്നരയോടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കും. ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശങ്ങൾ ഹെകികോപ്റ്ററിൽ ഇരുന്ന് കാണും. കൽപ്പറ്റയിൽ എത്തി റോഡ് മാർഗം ചൂരൽമലയിലേത്തും. ബെയിലി പാലത്തിലൂടെ നടന്നു പോകും. ചികിത്സയിൽ കഴിയുന്നവരെയും ക്യാമ്പുകളിൽ ഉള്ളവരെയും അദ്ദേഹം കാണും. ശേഷം കലക്ടറേറ്റിലെ അവലോകന യോഗത്തിൽ പങ്കെടുക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. നരേന്ദ്ര മോഡിക്ക് ഒപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടാകും. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ ശനിയാഴ്ച തിരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍, തെരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ച ജനകീയ തെരച്ചില്‍ പുനരാരംഭിക്കുമെന്നും ജില്ലാ കളക്ടര്‍അറിയിച്ചു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ താമരശ്ശേരി ചുരം വഴി സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.