പ്രാര്‍ഥനയ്ക്കിടെ 3 റോക്കറ്റുകള്‍ പതിച്ചു; ഗാസയില്‍ സ്‌കൂളിനു നേരെ ആക്രമണം, 100 പേര്‍ കൊല്ലപ്പെട്ടു

 

ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 100 ഓളം പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപോര്‍ട്ട്. ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗാസ സിറ്റിയിലെ അല്‍ സഹാബയിലുള്ള അല്‍ തബാ ഈന്‍ സ്‌കൂളിനുനേരെയാണ് ആക്രമണം നടന്നതെന്ന് സിവില്‍ ഡിഫന്‍സ് ഏജന്‍സി വക്താവ് മഹ്‌മൂദ് ബസാല്‍ ടെലഗ്രാമിലൂടെ അറിയിച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച പ്രഭാത പ്രാര്‍ഥനയ്ക്കിടെയായിരുന്നു ആക്രമണം. അതേസമയം ഹമാസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ വാദം. അല്‍ തബാ ഈന്‍ സ്‌കൂളില്‍ ഹമാസ് ഭീകരര്‍ നടത്തുന്ന ഹമാസ് കമാന്‍ഡും കണ്‍ട്രോള്‍ സെന്ററും ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. സിവിലിയന്‍മാരുടെ മരണം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നെന്നും ഇസ്രയേല്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ സാധാരണക്കാരടക്കം 1198 പേര്‍ കൊല്ലപ്പെട്ടിരുന്നു. 251 പേരെ ഹമാസ് ബന്ധിയാക്കി ഗാസയിലേക്ക് കൊണ്ടുപോയിരുന്നു. ഇതില്‍ 39 ഇസ്രായേല്‍ സൈനികര്‍ ഉള്‍പ്പെടെ 111 പേര്‍ ഇപ്പോഴും ഗാസയില്‍ തുടരുകയാണ്. ഇതിന് മറുപടിയായി, ഹമാസിന്റെ ഉന്മൂലനം ലക്ഷ്യമിട്ട് ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ 39,699 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഭയാനകമായ കൂട്ടക്കൊലയാണ് നടന്നതെന്നും മൃതദേഹങ്ങള്‍ക്ക് തീപിടിച്ചുവെന്നും മഹ്‌മൂദ് ബസാല്‍ പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കി മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടരുന്നതായും പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം നടക്കുന്നതായും മഹ്‌മൂദ് ബസാല്‍ പറഞ്ഞു. ഗാസ സിറ്റിയിലെ രണ്ട് സ്‌കൂളുകള്‍ക്കുനേരെ വ്യാഴാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 18ലധികം പേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്‌കൂളിനുനേരെ ആക്രമണം നടന്നത്.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page