കാസര്‍കോട്: ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മല്ലംപാറയില്‍ കെണിയില്‍ കുരുങ്ങിയ പുലി ചത്തു. അണ്ണപ്പനായികിന്റെ റബ്ബര്‍ തോട്ടത്തിലെ കെണിയിലാണ് വെള്ളിയാഴ്ച രാവിലെ പുലിയെ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. അലര്‍ച്ച കേട്ട് എത്തിയവരാണ് ആദ്യം പുലിയെ കണ്ടത്. ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജുവിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.പുലിയുടെ അരഭാഗത്താണ് കുരുക്ക് കുടുങ്ങിയത്, അക്രമാസക്തനായ പുലിയെ രക്ഷപ്പെടുത്താന്‍ വയനാട്ടില്‍ നിന്നു മയക്കുവെടി വിദഗ്ധരുടെ സഹായം തേടിയിരുന്നു. എന്നാല്‍ സംഘം എത്തും മുമ്പ് തന്നെ പുലി ചത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പുലിയെ സംസ്‌കരിക്കും. ആരാണ് കെണി വച്ചതെന്നു വ്യക്തമല്ല. പന്നിയെ പിടിക്കാന്‍ വച്ച കെണിയാണ് പുലിക്ക് മരണക്കെണിയായതെന്നു സംശയിക്കുന്നു.