മംഗളൂരു: തലപ്പാടിയില്‍ ഗുണ്ടാ ആക്രമണം. കാറിലെത്തിയ സംഘം വെട്ടിയും ബിയര്‍ കുപ്പി കൊണ്ടടിച്ചും യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. പരിക്കേറ്റ തലപ്പാടി സ്വദേശി ദത്തേഷി(35)നെ മംഗളൂരുവിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ആശീര്‍വാദ് ഹോട്ടലിന് സമീപം നില്‍ക്കുമ്പോഴാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. തലപ്പാടി ദേവിനഗര്‍ സ്വദേശി ശൈലേഷ്, തച്ചാനി സ്വദേശി രമിത്ത് എന്നിവരാണ് അക്രമം നടത്തിയതെന്ന് പറയുന്നു. രമിത്ത് ബിയര്‍ കുപ്പി കൊണ്ട് ദത്തേഷിന്റെ തലയില്‍ ഇടിച്ചു. തലയ്ക്ക് പരിക്കേറ്റ ദത്തേഷ് നിലത്ത് വീണു. തുടര്‍ന്ന് ശൈലേഷ് വെട്ടുകത്തി ഉപയോഗിച്ച് ദത്തേഷിന്റെ കഴുത്തില്‍ വെട്ടി. കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടുകാര്‍ എത്തിയതോടെ ദത്തേഷിനെ ഉപേക്ഷിച്ച് അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ദത്തേഷിനെ നാട്ടുകാര്‍ ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ബാര്‍കെ, ബന്ദര്‍ പോലീസ് സ്റ്റേഷനുകളില്‍ കേസുകളള ആളാണ് അക്രമിയായ ശൈലേഷ്. അടുത്തിടെ ഇയാള്‍ തലപ്പാടി ദേവിനഗറിലേക്ക് താമസം മാറിയിരുന്നു. ദത്തേഷും രമിത്തിന്റെ അമ്മാവനും തമ്മിലുള്ള ഓട്ടോറിക്ഷ വാടകയെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. രമിത്തിന്റെ സുഹൃത്താണ് ഷൈലേഷ്. സംഭവത്തില്‍ പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.