പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിട പറയുകയാണെന്നും വിനേഷ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. അതേസമയം, വിനേഷ് ഫോഗട്ട് അയോഗ്യ ആക്കപ്പെട്ടതിനെതിരായ ഹർജിയിൽ അന്താരാഷ്ട്ര കായിക കോടതി വ്യാഴാഴ്ച വിധി പറയും. വെള്ളി മെഡൽ പങ്കുവയ്ക്കണമെന്നാശ്യപ്പെട്ടാണ് വിനേഷ് ഫോഗട്ട് കോടതിയെ സമീപിച്ചത്. വിഷയത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. വിനേഷിന് പിന്തുണയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും രംഗത്തെത്തിയിട്ടുണ്ട്. വിനേഷ് ഫോഗട്ട് കൂടുതൽ കരുത്തോടെ മത്സര രംഗത്ത് തിരിച്ചുവരുമെന്ന് പ്രത്യാശിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിനേഷ് ചാമ്പ്യന്മാരുടെ ചാമ്പ്യൻ ആണെന്നും ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരന്റെയും പ്രചോദനവും ആണെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. കൃത്യമായ അന്വേഷണം വേണമെന്നും നടപടി വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. അധികാരത്തിൽ ഇരിക്കുന്നവരിൽ ചിലർക്ക് വിനേഷ് ഫോഗട്ട് മെഡൽ നേടുന്നതില്‍ പ്രശ്നങ്ങൾ ഉണ്ടെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് വക്താവ് രൺധീപ് സിംഗ് സുർജവാല വിമർശിച്ചിരുന്നു. എന്നാല്‍ കോച്ചും ഫിസിഷ്യനും അവധി ആഘോഷിക്കാൻ ആണോ പോയതെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ വിമർശനം. അയോഗ്യൻ ആക്കിയ തീരുമാനം പുന പരിശോധിക്കണമെന്നും വെള്ളിമെഡലിന് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ രാജ്യാന്തര ഫെഡറേഷനെ സമീപിച്ചിട്ടുണ്ട്.