കാസര്‍കോട്: പനിയില്‍ വിറച്ച് കുമ്പള. സര്‍ക്കാര്‍ ആശുപത്രികളിലും, സ്വകാര്യാശുപത്രികളും രാത്രി വൈകുവോളം രോഗികളുടെ തിരക്ക്. പരിശോധനയ്ക്കാകട്ടെ ഒന്നോ, രണ്ടോ ഡോക്ടര്‍മാര്‍ മാത്രം. ദുരിതത്തിലാകുന്നത് രോഗികളും. കാലവര്‍ഷം ശക്തിപ്പെടുകയും, മഴക്കാല രോഗങ്ങള്‍ വര്‍ധിച്ചതുമാണ് രോഗികളുടെ വന്‍വര്‍ദ്ധനവിന് കാരണമായിരിക്കുന്നത്. ലാബ് ടെസ്റ്റും, മരുന്നു വാങ്ങാനുമായി നേരം വെളുക്കുവോളം രോഗികള്‍ കാത്തിരിക്കേണ്ട അവസ്ഥ. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 500 ഓളം രോഗികളാണ് ഓരോ ദിവസവും എത്തുന്നത്. പരിശോധന അഞ്ചുമണി വരെ മാത്രം. മിക്ക ദിവസങ്ങളിലും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഉണ്ടാകാറ്. പരാതി അറിയിച്ചാല്‍ മാത്രം രണ്ട് ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകും. മെഡിക്കല്‍ ഓഫീസര്‍ ഉണ്ടെങ്കിലും അവര്‍ക്ക് മറ്റു ഓഫീസ് ജോലികള്‍ ഉള്ളതിനാല്‍ പരിശോധനയ്ക്ക് എത്തുന്നുമില്ല.