കണ്ണൂര്‍: ചുരുങ്ങിയ ചെലവില്‍ വിനോദ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കാമെന്നു വിശ്വസിപ്പിച്ച് വയോധികന്റെ പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്തു. കാനൂര്‍, നെല്ലിയോട്, എടയത്ത് വീട്ടില്‍ ഇ വി വിശ്വനാഥനാ(61)ണ് തട്ടിപ്പിനു ഇരയായത്. സംഭവത്തില്‍ പശ്ചിമബംഗാള്‍ 24 പര്‍ഗാന ജില്ലയില്‍ സുര്‍ജിത്ത് ചക്രവര്‍ത്തി, അഞ്ജനി കുമാര്‍, ദേശ ബന്ധു നഗറിലെ ഷിഷിര്‍പുരി എന്നിവര്‍ക്കെതിരെയും ”ദശ് ഹോളിഡെ” എന്ന സ്ഥാപനത്തിനും എതിരെ പൊലീസ് കേസെ
ടുത്തു.
വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചുരുങ്ങിയ ചെലവില്‍ വിനോദ യാത്ര പോകാന്‍ സൗകര്യമൊരുക്കാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം വിശ്വനാഥനെ ബന്ധപ്പെട്ടത്. സംഘം പറഞ്ഞ കാര്യങ്ങള്‍ വിശ്വസിച്ച വിശ്വനാഥന്‍ തന്റെയും ഭാര്യയുടെയും അക്കൗണ്ടുകളില്‍ നിന്നു 2024 ജനുവരി എട്ടു മുതല്‍ ഏപ്രില്‍ 22 വരെയുള്ള കാലയളവില്‍ പണം കൊല്‍ക്കത്തയിലെ അക്കൗണ്ടിലേയ്ക്ക് അയച്ചു കൊടുത്തു. എന്നാല്‍ വിനോദയാത്ര സംഘടിപ്പിക്കാനോ, പണം തിരികെ നല്‍കാനോ തയ്യാറായില്ല. തുടര്‍ന്നാണ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്.