കാസര്‍കോട്: ബന്ധു താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ 16 കാരിയെയാണ് കാണാതായത്. ഒരു ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്നു പെണ്‍കുട്ടി. ബോവിക്കാനത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അമ്മാവനും അമ്മായിയുമാണ് പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയന്മാര്‍. അതിനാല്‍ പെണ്‍കുട്ടിയെ ഇടയ്ക്കിടെ ക്വാര്‍ട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടു വരാറുണ്ട്. ബുധനാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ ഏറ്റവുമൊടുവില്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.
രാത്രി 8.30മണിയോടെ ക്വാര്‍ട്ടേഴ്‌സിലെ കുളിമുറിയിലേക്ക് കുളിക്കാന്‍ കയറിയതായിരുന്നു പെണ്‍കുട്ടി. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തേക്ക് വരാത്തതിനെത്തുടര്‍ന്ന് അമ്മായി നോക്കിയപ്പോള്‍ കുളിമുറിയുടെ വാതില്‍ ചാരിയ നിലയില്‍ കണ്ടു. വാതില്‍ തുറന്നു നോക്കിയപ്പോള്‍ പെണ്‍കുട്ടിയെ അകത്തു കണ്ടില്ലെന്നു അമ്മായി ആദൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. കാണാതായ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ ഉള്ളതായി പരാതിയില്‍ പറഞ്ഞു.