ചെറിയ കുട്ടിയായിരിക്കുമ്പോള്‍ കൈനോട്ടക്കാരി വീട്ടില്‍ വന്നു. തത്തയെ കൊണ്ട് കാര്‍ഡ് കൊത്തിച്ചു. ഫലം പറഞ്ഞതു സര്‍പ്പദോഷം ഉണ്ട് എന്നാണ്. അന്ന് തുടങ്ങിയതാണ് എന്റെ പാമ്പ് പേടി. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂക്കാനത്തെ ഞങ്ങളുടെ പറങ്കിമാവിന്‍ തോട്ടത്തിന്റെ വഴിയരികിലെ അമ്മാവന്റെ പീടികയില്‍ ഞാനും കച്ചവടത്തില്‍ സഹായിയായി നില്‍ക്കാറുണ്ട്. ഒരു ദിവസം ഉച്ചസമയം ഒരു ചെറിയ പാമ്പ് പീടികയുടെ കളത്തിലൂടെ ഇഴഞ്ഞുനീങ്ങി. ഇളം ബ്രൗണ്‍ നിറമാണതിന്. അമ്മാവന്‍ ഒരു വടി എടുത്ത് അതിനെ അടിച്ചു കൊന്നു. അഞ്ചു മിനിട്ടു കഴിഞ്ഞു കാണും. അതേ പോലുള്ള പത്തിലധികം പാമ്പുകള്‍ കളത്തിലേക്കും പീടിക കോലായിലേക്കും ഇഴഞ്ഞെത്തി. ആ സമയത്ത് ഒന്നു രണ്ടാളുകളും കടയിലേക്കെത്തി. അതൊക്കെ തെയ്യന്‍ പാമ്പുകളാണെന്നും കൂട്ടത്തിലൊന്നിനെ കൊന്നാല്‍ അവയെല്ലാം ഒന്നിച്ച് വരുമെന്നും അവര്‍ പറഞ്ഞു. അതില്‍ പിന്നീട് തെയ്യന്‍ പാമ്പിനെ കൊന്നിട്ടില്ല.
അതേ പറമ്പിന്റെ മധ്യഭാഗത്ത് ഒരു വലിയ പറങ്കിമാവുണ്ടായിരുന്നു. നടുക്കേ പറങ്കിമാവ് എന്നാണ് ഞങ്ങള്‍ അതിനെ വിളിക്കാറ്. അതിന്റെ ചുവട്ടില്‍ ഉണങ്ങിയ ഇല ധാരാളമുണ്ടായിരുന്നു. ഒരു ഉച്ചകഴിഞ്ഞ സമയത്ത് ആ പറങ്കിമാവിന്റെ ചുവട്ടില്‍ ഞാന്‍ എത്തി. ധാരാളം പഴുത്തു നില്‍ക്കുന്ന കശുവണ്ടി പഴങ്ങളുണ്ട്. പറങ്കിമാവിന്റെ ഒരു കമ്പ് നിലത്തേക്ക് താഴ്ന്ന് നില്‍പ്പുണ്ട്. അതില്‍ ചവുട്ടി പിടിച്ചാണ് മുകളിലോട്ട് കയറേണ്ടത്. കുറച്ച് മുകളിലേക്കെത്തിയതേയുളളു. പ്രസ്തുത കമ്പിന്റെ അടിഭാഗത്തു നിന്നുശീല്‍ക്കാരത്തോടെ ഒരു വലിയ മണ്ഡലി. ഞാന്‍ വാവിട്ടു നില വിളിച്ചു. ആളുകള്‍ ഓടി വരുമ്പോഴേക്കും പാമ്പ് ഇഴഞ്ഞു പോയി.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ഒരു പാമ്പു ഭയം കൂടി ഉണ്ടായി. കക്കൂസില്ലാത്ത കാലം. പറമ്പിലാണ് കാര്യം സാധിക്കാന്‍ പോവുക. ഇരുന്നതേയുള്ളൂ. ഒരു വലിയ അണലി എന്റെ പിറകിലൂടെ ഇഴയുന്നു. എണീറ്റ് ഓടിയ ഓട്ടം വീട്ടിലെത്തിയാണ് നിര്‍ത്തിയത്
കാസര്‍കോട് കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം. കുളിയന്‍ ലോഡ്ജിലാണ് താമസം. ഭക്ഷണ ശേഷം അടുത്തുളള ലോഡ്ജിലേക്ക് ഞങ്ങള്‍ ചെന്നു. ഞാന്‍ ഡോ: കെ.രാമചന്ദ്രന്‍ നായര്‍, കെ.ഒ.വി. ഗോപാലന്‍ എന്നിവരാണ് അവിടേക്ക് ചെന്നത്. അവിടെ റിട്ട. ഡി.വൈ.എസ്.പി പി.പി രാഘവന്‍, സര്‍ സയ്യിദ് കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഡോ. വിജയന്‍, അന്തരിച്ച ജിയോളജിസ്റ്റ് പ്രഭാകരന്‍ എന്നിവരാണ് താമസക്കാര്‍. ഞങ്ങള്‍ സംസാരിച്ചു കൊണ്ട് വരാന്തയില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എന്റെ തലയിലേക്ക് ഒരു ശംഖുവരയന്‍ പാമ്പ് ഓടിന്റെ ഉള്ളില്‍ നിന്നാവണം വീണു. ദേഹത്തുകൂടെ അതു ഇഴഞ്ഞു കടന്നുപോയി.
അധ്യാപകനായി ജോലി ചെയ്യുമ്പോഴുണ്ടായ അനുഭവം അതിലേറെ അത്ഭുതമായിരുന്നു. ഞാന്‍ വീടിന്റെ അടുക്കള ഭാഗത്തെ കളത്തിലൂടെ നടക്കുകയായിരുന്നു. അയല്‍വാസി അമ്പുവേട്ടനുമായി സംസാരിക്കുന്നുമുണ്ടായിരുന്നു. ഫണമുയര്‍ത്തി ഒരു മൂര്‍ഖന്‍ പാമ്പ് എന്റെ നേരെ ഇഴഞ്ഞു വരുന്നു. അടുത്തെത്താറായി. ‘അകത്തു കയറിക്കോ മാഷെ’ അമ്പുവേട്ടന്‍ വിളിച്ചു പറഞ്ഞു. ഞാന്‍ ഓടിക്കയറി ജനലും വാതിലും അടച്ചു. അമ്പുവേട്ടന്‍ ധൈര്യവാനാണ്. പാമ്പിനെ തല്ലിക്കൊന്നു.
എന്തിനാ എന്റെ നേരെ ഇവന്‍ വന്നത്?
കുറത്തി പറഞ്ഞ പേടി ഇപ്പോഴും മനസ്സിലുണ്ട്. ഈ കുറിപ്പ് എഴുതുന്നത് രാത്രി 7.30നാണ്. പുറത്തിറങ്ങി. അതാ ഒരു ശംഖുവരയന്‍ കളത്തില്‍…..എന്തൊരത്ഭുതം?