ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്; ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തെരച്ചില്‍ നടത്തും

 

കേരളത്തെ ഞെട്ടിച്ച ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. ദുരന്തത്തില്‍ ഓരോ ദിവസവും ഉയരുന്ന മരണസഖ്യയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് നാടാകെ. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. 402 പേരാണ് ദുരന്തത്തിൽ മരണപ്പെട്ടത്. ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തെരച്ചില്‍ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.വയനാട് ദുരന്തഭൂമിയില്‍ ഇന്നലെ നടന്ന തെരച്ചിലില്‍ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. വയനാട്ടില്‍ നിന്നും അഞ്ചും നിലമ്പൂരില്‍ ഒന്നും മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും ഹാരിസണ്‍ മലയാളം ലിമിറ്റഡ് പ്ലാന്‍റേഷനിലെ ശ്മശാനത്തിൽ സർവ്വമത പ്രാർത്ഥനയോടെ സംസ്കരിച്ചു. സംസ്കരിച്ചവയിൽ 14 സ്ത്രീകളുടെയും 13 പുരുഷന്‍മാരുടെയും മൃതദേഹങ്ങളാണ് ഉള്‍പ്പെടുന്നത്. സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിയാനാകാത്ത മൂന്ന് മൃതദേഹങ്ങളും സംസ്കരിച്ചു.മൃതശരീരങ്ങള്‍ തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധന തുടരുന്നുണ്ട്. ഇതുവരെ 83 രക്ത സാമ്പിളുകള്‍ ശേഖരിച്ചു. ആറു സോണുകളിലായി നടന്ന തെരച്ചിലില്‍ വിവിധ സേനകളില്‍ നിന്നായി 1174 പേര്‍ പങ്കെടുത്തു.. 84 ഹിറ്റാച്ചികളും അഞ്ച് ജെ.സി.ബികളുമാണ് തെരച്ചിലിന് ഉപയോഗിച്ചത്. 112 ടീമുകളായി 913 വളണ്ടിയര്‍മാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേര്‍ന്നു. മുണ്ടക്കൈ മേഖലയില്‍ നടത്തിയ തിരച്ചിലില്‍ 137 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. 14 ഹിറ്റാച്ചികള്‍ ഇവിടെ രക്ഷാദൗത്യത്തിന് ഉപയോഗിച്ചു. സ്കൂള്‍ റോഡിലും പരിസരത്തും കൂടുതല്‍ യന്ത്രങ്ങള്‍ പരിശോധനയ്ക്കെത്തിച്ചു. 25 ഹിറ്റാച്ചികള്‍ ഉപയോഗിച്ച് 431 സേനാംഗങ്ങളാണ് ഇവിടെ പരിശോധന നടത്തിയത്. കെ 9 ഡ്വാഗ് സ്ക്വാഡ്, കരസേനയുടെ ഡോഗ് സ്ക്വാ‍ഡ്, തമിഴ്നാട് ഫയര്‍സര്‍വീസിന്‍റെ ഡോഗ് സ്ക്വാഡ് എന്നിവയും തെരച്ചിലില്‍ പങ്കുചേര്‍ന്നു. 276 സേനാംഗങ്ങള്‍ ചൂരല്‍മല ടൗണിലും പരിസരത്തും തിരച്ചില്‍ നടത്തി. തമിഴ്നാട് ഡോഗ് സ്ക്വാഡും ഇവിടെ തെരച്ചില്‍ നടത്തി. വനംവകുപ്പ്, ഫയര്‍ ഫോഴ്സ് എന്നിവയുടെ 101 പേര്‍ അടങ്ങിയ സംഘം പുഴയുടെ അടിവാരം മേഖലയിലെ വനത്തില്‍ നടത്തിയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. വയനാട്ടില്‍ നിന്നും നൂറ്റിയമ്പതും നിലമ്പൂരില്‍ നിന്നും എഴുപത്താറും മൃതദേഹങ്ങളാണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. വയനാട്ടില്‍ നിന്നും 24, നിലമ്പൂരില്‍ നിന്നും 157 ഉള്‍പ്പെടെ 181 ശരീര ഭാഗങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.രാജന്‍, എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു എന്നിവര്‍ ജില്ലാ കളക്ടര്‍ ‍ഡി.ആര്‍ മേഘശ്രീയുടെ സാന്നിധ്യത്തിൽ ദുരന്ത മേഖലയിലും ദുരിതാശ്വാസ മേഖലകളിലും നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. എ.ഡി.എം കെ ദേവകിയുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്കായി ഇന്നലെ 4570 പ്രഭാത ഭക്ഷണ പാക്കറ്റുകളും 7877 ഉച്ചഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page