തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാതിയില്‍ ടിടിഇക്കെതിരെ എടുത്ത നടപടി റെയില്‍വേ പിന്നീട് പിന്‍വലിച്ചു. ടിടിഇമാരുടെ യൂണിയന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് അച്ചടക്ക നടപടി പിന്‍വലിക്കാന്‍ റെയില്‍വേ നിര്‍ബന്ധിതമായത്. സ്പീക്കറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചീഫ് ടിടിഇ ജി എസ് പത്മകുമാറിനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റുകയാണ് ചെയ്തത്. പത്മകുമാര്‍ അപമര്യാദയായി പെരുമാറിയെന്ന് സ്പീക്കര്‍ ഡിആര്‍എമ്മിന് പരാതി നല്‍കിയിരുന്നു. ജൂലൈ 30ന് വന്ദേ ഭാരതില്‍ വച്ചായിരുന്നു സംഭവം. നിയമ വിരുദ്ധമായി സ്പീക്കര്‍ക്കൊപ്പം ഒരാള്‍ യാത്ര ചെയ്തത് ടിടിഇ ചോദ്യം ചെയ്തിരുന്നു. സ്പീക്കര്‍ക്കൊപ്പം നിയമവിരുദ്ധമായി ആരും യാത്ര ചെയ്തില്ലന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. യാത്രക്കിടെ സ്പീക്കറെ കണ്ട സുഹൃത്ത് സംസാരിക്കാന്‍ എത്തിയതാണ് ടിടിഇ ചോദ്യം ചെയ്തത്. ഉടന്‍ പോകുമെന്ന് പറഞ്ഞെങ്കിലും അപമര്യാദയായി പെരുമാറി. സ്പീക്കറാണെന്ന് പറഞ്ഞെങ്കിലും പെരുമാറ്റം തുടര്‍ന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും സ്പീക്കറുടെ ഓഫീസ് പറഞ്ഞിരുന്നു.