മധുവിധുവിനായി ചൂരല്‍മലയിലെത്തിയ ഭുവനേശ്വര്‍ സ്വദേശിനി നാട്ടിലേക്ക് മടങ്ങിയത് ഭര്‍ത്താവില്ലാതെ. ഭര്‍ത്താവ് ഡോ. ബിഷ്ണു പ്രസാദ് ചിന്നാര ദുരന്തത്തില്‍പെട്ട് മരിച്ചു. ഇയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം ചൂരമലയില്‍ നിന്ന് ലഭിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ചിന്നാരയുടെ സുഹൃത്തിന്റെ മൃതദേഹം ലഭിച്ചില്ല. ദുരന്തത്തിന് നാലുദിവസം മുമ്പാണ് ഭുവനേശ്വര്‍ എയിംസിലെ ഡോ. ബിഷ്ണു പ്രസാദ് ചിന്നാര, ഭാര്യ ഭുവനേശ്വര്‍ ഹൈടെക് ആശുപത്രിയിലെ നഴ്‌സ് പ്രിയദര്‍ശിനി പോള്‍, സുഹൃത്ത് ഡോ. സ്വധീന്‍ പാണ്ട, ഭാര്യ ശ്രീകൃതി മോഹ പത്ര എന്നിവര്‍ ചൂരല്‍മലയിലെത്തിയത്. നാലുപേരും രണ്ടു ദിവസത്തെ താമസത്തിനായാണ് വെള്ളാര്‍മലയിലെ ലിനോറ വില്ലയില്‍ എത്തിയത്. പിന്നീട് ഒരുദിവസം കൂടി അധികം താമസിച്ചു. രാത്രിയില്‍ പാട്ടും ആഘോഷവുമെല്ലാം കഴിഞ്ഞു ഏറെ വൈകിയാണ് എല്ലാവരും ഉറങ്ങാന്‍ കിടന്നത്. പെട്ടന്നാണ് വെള്ളരിമലയില്‍ നിന്ന് വലിയ ശബ്ദത്തോടെ മലവെള്ളം താഴോട്ട് വന്നത്. അന്ന് രാത്രി കഴുത്തൊപ്പം ഉയര്‍ന്ന ചെളിയില്‍ 200 മീറ്ററോളം ഒഴുകി സ്‌കൂള്‍ പരിസരത്ത് തടഞ്ഞു നിന്ന പ്രിയദര്‍ശിനിയുടെയും ശ്രീകൃതിയുടെയും അലര്‍ച്ച കേട്ടാണ് മേപ്പാടിയിലെ പൊലീസുകാരന്‍ ജബലു റഹ്‌മാനും സുഹൃത്തും എത്തിയത്. പ്രിയദര്‍ശിനിയേയും ശ്രീകൃതിയേയും ജബലു റഹ്‌മാനും സുഹൃത്തും ചേര്‍ന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി. ഡോ. സ്വധീന്‍ പാണ്ടയുടെ മൃതദേഹം ഇനിയും കണ്ടെത്താനായില്ല. ഭാര്യ ശ്രീകൃതി ഗുരുതര പരിക്കുകളോടെ നിലവില്‍ ചികിത്സയിലാണ്.