മുംബൈ: ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ ബാഗിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ജയ് പ്രവീണ്‍ ചാവ്ദ, ഇയാളുടെ കൂട്ടാളി ശിവജീത് സുരേന്ദ്ര സിങ് എന്നിവരെയാണ് പിടികൂടിയത്. സാന്താക്രൂസ് നിവാസിയായ അര്‍ഷാദ് അലി ഷെയ്ഖാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ട്രെയിനില്‍ സ്യൂട്ട്‌കേസില്‍ മൃതദേഹം കൊണ്ടുപോകുകയായിരുന്ന രണ്ട് പ്രതികളെയാണ് മുംബൈ പൊലീസ് പിടികൂടിയത്. ഒരാളെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചും രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടാമനെ ഉല്ലാസ് നഗറില്‍ വെച്ചുമാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ഗവണ്‍മെന്റ് റെയില്‍വെ പൊലീസും ലഗേജ് പരിശോധന നടത്തുന്നതിനിടെയാണ് രക്തം സ്യൂട്ട്‌കേസിന് പുറത്ത് കണ്ടത്. തുടര്‍ന്ന് യുവാക്കളെ ചോദ്യം ചെയ്തതോടെ സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തി. പൈഡുണി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായി. കൊലപാതകത്തിന് ശേഷം മറ്റൊരു സ്ഥലത്ത് മറവു ചെയ്യാന്‍ തീരുമാനിച്ചു. ഞായറാഴ്ച രാത്രി തുട്ടാരി എക്സ്പ്രസ് ട്രെയിനില്‍ മൃതദേഹം കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു. പ്രതികളില്‍ ഒരാളെ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. മറ്റൊരാള്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് ഉല്ലാസ് നഗറില്‍ വെച്ച് പിടികൂടി. കൊല്ലപ്പെട്ടയാളും പിടിയിലായ രണ്ടുപേരും ഭിന്നശേഷിക്കാരും ആംഗ്യഭാഷയില്‍ ആശയവിനിമയം നടത്തുന്നവരുമാണ്. ചോദ്യം ചെയ്യലില്‍ സഹായിക്കാന്‍ പൊലീസ് ആംഗ്യഭാഷാ വിദഗ്ധനെ നിയോഗിച്ചു, ഇതോടെയാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.







