കാസര്‍കോട്: കുമ്പള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പെര്‍വാഡ് ശാഖ കൊള്ളയടിക്കാന്‍ എത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. രണ്ടു പേരുടെ ചിത്രങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ദൃശ്യങ്ങളില്‍ ഉള്ള ഒരാള്‍ മങ്കിക്യാപും മാസ്‌കും ധരിച്ചിട്ടുണ്ട്. രണ്ടാമന്‍ തൊപ്പി ധരിച്ചയാളാണ്. ഇരുവരും ബാങ്കിനകത്ത് നടക്കുന്നതും സ്‌ട്രോംഗ് റൂമിനു സമീപത്തു നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ശനിയാഴ്ച രാത്രിയിലാണ് കാവല്‍ക്കാരന്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ജനല്‍ മുറിച്ചുമാറ്റി കവര്‍ച്ചക്കാര്‍ ബാങ്കിനകത്തു കടന്നത്. മുളകുപൊടി വിതറിയതിനു ശേഷമാണ് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ വെല്‍ഡിംഗ് ഷോപ്പില്‍ നിന്നു മോഷ്ടിച്ച ഇലക്ട്രിക് കട്ടറാണ് ജനല്‍ കമ്പി മുറിച്ചു മാറ്റാന്‍ ഉപയോഗിച്ചതെന്നു കണ്ടെത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ അന്വേഷണത്തില്‍ ബാങ്കിനകത്തു നിന്നു മൂന്നു വിരലടയാളങ്ങള്‍ കണ്ടെടുത്തിരുന്നു. കൊള്ളയ്ക്കു ശ്രമിച്ച സംഘത്തെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
