കോയമ്പത്തൂരില്‍ വഴിയാത്രക്കാരിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് മുങ്ങിയ യുവാവ് പൊങ്ങിയത് ചട്ടഞ്ചാലില്‍; പിന്തുടര്‍ന്നെത്തിയ തമിഴ്‌നാട് പൊലീസ് മോഷ്ടാവിനെ വളഞ്ഞിട്ടു പിടിച്ചു

കാസര്‍കോട്: കോയമ്പത്തൂരില്‍ കാല്‍നട യാത്രക്കാരിയുടെ കഴുത്തില്‍ നിന്നു രണ്ടേ മുക്കാല്‍പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല തട്ടിപ്പറിച്ച് രക്ഷപ്പെട്ട യുവാവിനെ ചട്ടഞ്ചാലില്‍ പിടികൂടി. ബീഹാര്‍,ചംമാര്‍ബിഘയിലെ ഗോലു കുമാഖി(19)നെയാണ് പുത്തരിയടുക്കത്തെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു പിടികൂടിയത്. മേല്‍പ്പറമ്പ് പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയായിരുന്നു പ്രതിയെ പിടികൂടിയത്. ജുലൈ 18ന് രാവിലെയാണ് വഴിയാത്രക്കാരിയായ വയോധികയുടെ കഴുത്തില്‍ നിന്നു പ്രതി സ്വര്‍ണ്ണമാല പൊട്ടിച്ചതെന്നു പൊലീസ് പറഞ്ഞു. കോയമ്പത്തൂരില്‍ താമസിച്ച് ഇന്റീരിയല്‍ ഡെക്കറേഷന്‍ ജോലി ചെയ്തുവരികയായിരുന്നു ഗോലുകുമാര്‍. ഇയാളുടെ പിതാവും സഹോദരങ്ങളും ഉള്‍പ്പെടെ എട്ടുപേര്‍ ചട്ടഞ്ചാലില്‍ താമസിച്ച് ഇതേ ജോലി ചെയ്തുവരികയായിരുന്നു. ഇവിടേയ്ക്കാണ് ഗോലു കുമാര്‍ എത്തിയത്.
സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ലൊക്കേഷനും പരിശോധിച്ച കോയമ്പത്തൂര്‍, കുനിയമുത്തൂര്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മണിവര്‍ണ്ണനും സംഘവും പ്രതി കേരളത്തിലേക്ക് കടന്നതായി കണ്ടെത്തി. കേരളത്തിലെത്തിയ തമിഴ്‌നാട് പൊലീസ് പ്രതി കാസര്‍കോട് ജില്ലയിലേക്ക് കടന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം മേല്‍പ്പറമ്പ് പൊലീസ് ഗോലു കുമാറിന്റെ ഒളിവു കേന്ദ്രം സംബന്ധിച്ച വിവരം തമിഴ്‌നാടു പൊലീസിനു കൈമാറി. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, രഞ്ജിത്ത് എന്നിവരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഗോലു കുമാറിന്റെ ഒളിവുകേന്ദ്രം പുത്തരിയടുക്കത്താണെന്നു തിരിച്ചറിഞ്ഞു. തുടര്‍ന്ന് മേല്‍പ്പറമ്പ് പൊലീസും നാട്ടുകാരും തമിഴ്‌നാട് പൊലീസും ക്വാര്‍ട്ടേഴ്‌സ് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
വയോധികയുടെ കഴുത്തില്‍ നിന്നു പൊട്ടിച്ചെടുത്ത മാല കോയമ്പത്തൂരില്‍ വിറ്റതായി പ്രതി പൊലീസിനു മൊഴി നല്‍കി. കിട്ടിയ പണത്തില്‍ നിന്നു നല്ലൊരു ഭാഗവും ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെട്ടുവെന്നും ഒരു ഭാഗം നാട്ടിലേക്ക് അയച്ചുവെന്നും ഗോലുകുമാര്‍ വ്യക്തമാക്കി. ഞായറാഴ്ച രാത്രി പ്രതിയേയും കൊണ്ട് പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page