കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. മാനസിക പുനരധിവാസത്തിനാണ് ആദ്യം പ്രാധാന്യം കൊടുക്കേണ്ടത്. സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാവുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശാസ്ത്രം പോലും തല കുനിച്ച് നില്‍ക്കുന്ന അവസ്ഥയാണ്. ഐഎസ്ആര്‍ഒ ചെയര്‍മാനുമായി സംസാരിക്കും. ദേശീയ ദുരന്തമാണോ എന്നത് പരിശോധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന സംസ്ഥാനത്തിന്റെ ആരോപണം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. അതിന് മറുപടി കൊടുത്തിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ സംസാരിക്കേണ്ടതില്ല. എഴുന്നള്ളിച്ച് അസ്വസ്ഥതയുണ്ടാക്കേണ്ടതില്ല. ഇപ്പോള്‍ അതല്ല സംസാരിക്കേണ്ടത്. കരുതലും കരുണയും സ്നേഹവും തലോടലും മാത്രമാണ് വേണ്ടത്’, എന്നും സുരേഷ് ഗോപി പറഞ്ഞു. ദുരന്തഭൂമി സന്ദര്‍ശനത്തിന് പിന്നാലെ അദ്ദേഹം ദുരിതാശ്വാസ ക്യാമ്പിലും സേവഭാരതിയുടെ പൊതുസ്മശാനത്തിലും സന്ദര്‍ശനം നടത്തി. 11 മണിയോടെ മേപ്പാടിയിലുള്ള മിലിട്ടറി ക്യാമ്പും തുടര്‍ന്ന് വിംസ് ആശുപത്രിയും സന്ദര്‍ശിക്കും.