മംഗളൂരു: അരിവാള്‍ കൊണ്ടു ഭാര്യയെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം വീടു പൂട്ടി വരാന്തയില്‍ അരിവാള്‍ ആഞ്ഞു വീശിക്കൊണ്ടു മൂന്നേകാല്‍ മണിക്കൂര്‍ നാടിനെയും സേനാംഗങ്ങളെയും വിറപ്പിച്ച വിരുതനെ രണ്ടു ഓട്ടോ ഡ്രൈവര്‍മാരും കൂട്ടരും ചേര്‍ന്നു അതിസാഹസികമായി കീഴ്‌പ്പെടുത്തി.
കുന്ദാപുര കണ്ടല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബഡ്രൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ വിഭ്രമിപ്പിച്ച സംഭവമുണ്ടായത്. മൂന്നേകാല്‍ മണിക്കൂറുകളോളം വെട്ടേറ്റ് വീട്ടിനുള്ളില്‍ കിടന്ന സൊറബയിലെ അനിത(38)യെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അനിതയുടെ ഭര്‍ത്താവ് ലക്ഷ്മണ (40)യാണ് ഒടുവില്‍ കുടുങ്ങിയത്. ബഡ്രൂരിലെ ഒരു മഠത്തിന്റെ തോട്ടത്തിലെ തൊഴിലാളികളാണ് ഇവര്‍. നാലു വര്‍ഷം മുമ്പ് സ്വന്തം കുട്ടിയെ ഇവര്‍ സൊറബയില്‍ ഉപേക്ഷിച്ച ശേഷമാണ് ബഡ്രൂരിലെത്തിയത്. ശനിയാഴ്ച 6.45ന് താമസ സ്ഥലത്തെത്തിയ ഇവര്‍ വാക്കേറ്റത്തിലാവുകയും തുടര്‍ന്നു മദ്യലഹരിയിലായിരുന്ന ലക്ഷ്മണ ഭാര്യയെ അരിവാളുകൊണ്ടു വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. അരിശം തീരാതെ വാതിലടച്ചു വരാന്തയിലിറങ്ങിയ അയാള്‍ അരിവാള്‍ അമിത വേഗതയില്‍ വീശിക്കൊണ്ട് ആര്‍ത്തു വിളിച്ചു നിന്നു. താമസ സ്ഥലത്തെ മറ്റുള്ളവര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സംഘമെത്തിയെങ്കിലും അവര്‍ക്കു ഇയാളെ കീഴ്‌പ്പെടുത്താനായില്ല. പിന്നീട് ഫയര്‍ ഫോഴ്‌സും എത്തിയെങ്കിലും ലക്ഷ്മണയുടെ അടുത്തെത്താന്‍ കഴിയാതെ വിഷമിച്ചു. പിന്നീട് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അപ്പോഴും അലറിച്ചാടി നിന്ന ലക്ഷ്മണക്കടുത്തേക്കു വീടിന്റെ പിന്‍ഭാഗത്തു കൂടി അകത്തു കടന്ന ഓട്ടോ ഡ്രൈവര്‍മാരായ അശോകനും സച്ചിനും കൂട്ടരും ചേര്‍ന്നു അതിസാഹസികമായി കീഴ്‌പ്പെടുത്തി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. രാത്രി 10 മണിക്കാണ് ഇയാളെ പിടികൂടിയത്. അന്വേഷണം തുടരുകയാണ്.