ന്യൂഡെൽഹി : സസ്പൻഷനിലുള്ള ഉന്നത പൊലീസുദ്യോഗസ്ഥൻ ഇൻഡ്യൻ സിവിൽ അക്കൗണ്ട് സർവീസസിലെ ഉയർന്ന ഉദ്യോഗസ്ഥനായ മരുമകനെ കോടതിയിൽ വെടിവച്ചുകൊന്നു. ചണ്ഡിഗഡ് ജില്ലാ കോടതി സമുച്ചയത്തിൽ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വെടിവയ്പും കൊലപാതകവും കോടതിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇൻഡ്യൻ സിവിൽ അക്കൗണ്ട് സർവീസസ് ഉദ്യോഗസ്ഥൻ ഹർപ്രീത് സിംഗാണു വെടിയേറ്റു മരിച്ചതു്. ഭാര്യാ പിതാവു സസ്പെൻഷനിലുള്ള പഞ്ചാബ് പൊലീസ് അസി. ഇൻസ്പെക്ടർ ജനറൽ മൽവീന്ദർ സിംഗിനെ ചണ്ഡിഗഡ് പൊലീസ് കസ്റ്റഡിയിലെടുത്തു. മരുമകനെ വെടിവച്ചു കൊല്ലാൻ ഉപയോഗിച്ച തോക്ക് ഇയാളിൽ നിന്നു പിടിച്ചെടുത്തു. കോടതിയിലെ മധ്യസ്ഥ ശ്രമത്തിനുള്ള ഹാളിലായിരുന്നു സംഭവം. മൽവിന്ദർ സിംഗിന്റെ മകൾ അമിതോജ് കൗറും മരുമകൻ ഹർപ്രീത് സിംഗും തമ്മിൽ 2023 മുതൽ വിവാഹസംബന്ധമായ കേസ് നിലവിലുണ്ട്. ഈ കേസിന്റെ മധ്യസ്ഥചർച്ച നടന്നു കൊണ്ടിരിക്കേ ബാത്തു റൂമിൽ പോകണമെന്നു പറഞ്ഞു വഴി കാണിച്ചു കൊടുക്കാൻ മരുമകനെ ഒപ്പം കൂട്ടുകയായിരുന്നു. ഹാളിൽ നിന്നു പുറത്തിറങ്ങും മുമ്പു നിറയൊഴിച്ചു. അഭിഭാഷകരും കുടുംബാംഗങ്ങളും ചേർന്നു ഹർ പ്രീതിനെ ഉടൻ ഇൻസ്റ്റിട്യൂട്ട് ഒഫ് മെഡിക്കൽ റിസർച്ചിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.