ടിവി മെക്കാനിക്കായി വീടുകളിലെത്തും; കുടുംബവുമായി മോഷണത്തിനെത്തിയ കുപ്രസിദ്ധ കള്ളന്‍ പിടിയിലായി

 

 

കണ്ണൂര്‍: ടിവി  മെക്കാനിക്കെന്ന വ്യാജേന വീടുകളില്‍ സന്ദര്‍ശനം നടത്തി പിന്നീട് കവര്‍ച്ചനടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് കണ്ണൂരില്‍ പിടിയില്‍. ബംഗളൂരു സ്വദേശിയും ആന്ധ്രയില്‍ താമസക്കാരനുമായ ഉമേഷ് എന്ന ഉമേഷ് റെഡ്ഡിയെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങിയ കുടുംബവുമായാണ് പറശ്ശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്തത്. ടിവി, ഫ്രിഡ്ജ് പോലെയുള്ള ഇലക്ട്രിക് വസ്തുക്കള്‍ റിപ്പയര്‍ ചെയ്യാനുണ്ടോ എന്ന് ചോദിച്ച് നാട്ടിലിറങ്ങി നടക്കും. മോഷണം നടത്തേണ്ട വീട് കണ്ടെത്തി വയ്ക്കും. പകലും രാത്രിയിലും തക്കം നോക്കി മോഷണത്തിനെത്തുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ വ്യാഴാഴ്ച ആന്തൂരില്‍ പട്ടാപ്പകല്‍ ചേനന്‍ തങ്കമണി(75)യുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തിലാണ് ഇയാള്‍ കുടുങ്ങിയത്. വീട് കുത്തിത്തുറന്ന് 2 ലക്ഷം രൂപയും ഒന്നര പവന്‍ സ്വര്‍ണവുമാണ് കവര്‍ന്നത്. പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇലക്ട്രീഷ്യനെന്ന വ്യാജേന ഒരാള്‍ നാട്ടില്‍ കറങ്ങിയ വിവരം നാട്ടുകാരില്‍ നിന്ന് മനസിലാക്കിയിരുന്നു. പൊലീസ്  ആ വഴിക്ക് അന്വേഷണം നടത്തിയപ്പോള്‍ സി സി ടിവി ദൃശ്യങ്ങളിലൂടെ പ്രതിയിലേക്ക് എത്തുകയുമായിരുന്നു. ക്ഷേത്രനഗരങ്ങളില്‍ കുടുംബസമേതം എത്തി പ്രധാന ഹോട്ടലുകളില്‍ മുറിയെടുത്ത ശേഷമാണ് മോഷണം പ്ലാന്‍ ചെയ്യുക. നന്നായി മലയാളം സംസാരിക്കുന്ന ഇയാള്‍ സംശയം ഒട്ടും തോന്നാത്ത വിധത്തിലാണ് വീടുകളില്‍ ജോലിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്, ആന്ധ്ര, കേരളം, കര്‍ണാടക എന്നിവിടങ്ങളിലും ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും മോഷണം നടത്തിയിട്ടുള്ള ഇയാളുടെ പേരില്‍ മലപ്പുറം, വയനാട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ കേസുകളുള്ളത്. അതില്‍ ഗുരുവായൂര്‍ പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ മേഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിരലടയാള പരിശോധനയില്‍ മോഷ്ടാവ് ഉമേഷാണെന്ന് വ്യക്തമായതോടെ ഉണര്‍ന്നുപ്രവര്‍ത്തിച്ച അന്വേഷണസംഘം മോഷണം നടന്ന് 18-ാം മണിക്കൂറില്‍തന്നെ പ്രതിയെ വലയിലാക്കിയത് അന്വേഷണമികവിന്റെ തെളിവായി മാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page