കര്‍ണാടകയില്‍ ഭക്ഷ്യവിഷബാധയേറ്റെന്നു സംശയം, ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് അധികൃതര്‍ അറിയിച്ചു. റായ്ച്ചൂര്‍ ജില്ലയിലെ കല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം. ഭീമണ്ണ(60), ഭാര്യ ഏറമ്മ(57), മകന്‍ മല്ലേഷ്(21), മകള്‍ പാര്‍വതി(19) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകള്‍ മല്ലമ്മ (23) ആശുപത്രിയിലാണ്. രണ്ട് ദിവസം മുമ്പ് രാത്രി ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് കുടുംബം കഴിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് റായ്ച്ചൂര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.നിതേഷ് പറഞ്ഞു. വ്യാഴാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഗൃഹനാഥനായ ഭീമണ്ണ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഏറമ്മയെയും രണ്ട് പെണ്‍മക്കളെയും മകനെയും നില വഷളായതിനെ തുടര്‍ന്ന് റായ്ച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റിയിരുന്നു. പിന്നീട് അബോധാവസ്ഥയിലായ ഇവര്‍ക്ക് ഡോക്ടര്‍മാര്‍ പരമാവധി ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. മല്ലമ്മ അബോധാവസ്ഥയില്‍ തുടരുകയാണ്. ഭക്ഷണത്തില്‍ വിഷം കലര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. രക്തത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.







