ഇറാന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടു. ടെഹ്റാനിലെ വസതിയില്‍ വച്ചാണ് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്.
വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ഹനിയയെ കൊലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം ഹമാസാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. മുതിര്‍ന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടുവെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡും അറിയിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യന്റെ സ്ഥാനാരോഹണചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹനിയ. ഇസ്രയേലാണ് കൊലയ്ക്ക് പിന്നിലെന്ന് ഹമാസ് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേലിന്റെ രണ്ട് ശത്രുക്കളാണ് കൊല്ലപ്പെട്ടത്. ലെബനനിലെ ബെയ്‌റൂട്ടില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ ഷുക്കറിനെയും ഇസ്രായേല്‍ വധിച്ചിരുന്നു.
2023 മുതല്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുടെ ചെയര്‍മാനായിരുന്ന ഹനിയയാണ് 2006ല്‍ പലസ്തീനില്‍ ഹമാസ് അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രിയായത്.
ജീവനോടേയോ അല്ലാതേയോ ഹനിയ്യയെ പടിക്കുമെന്ന് ഇസ്രയേല്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഹമാസ് ഭീകരരെ വേട്ടയാടി ഉന്മൂലനം ചെയ്യാന്‍ പ്രത്യേക യൂണിറ്റും ഇസ്രായേലി സുരക്ഷാ ഏജന്‍സികളായ മൊസാദും ഷിന്‍ ബെറ്റും ചേര്‍ന്ന് സ്ഥാപിച്ചിരുന്നു.