കാസര്‍കോട്: ജില്ലയില്‍ കാലവര്‍ഷക്കെടുതിക്കെതിരെ ജാഗ്രത പാലിക്കാന്‍ ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി ബന്ധപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരോടു നിര്‍ദ്ദേശിച്ചു. ജില്ലയില്‍ 116 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കെടുതി സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി കല്ലപ്പള്ളി കമ്മാടി കോളനിയില്‍ നിന്നു വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്നു എട്ടു കുടുംബങ്ങളിലെ 22 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കള്ളാര്‍, ഓട്ടക്കണ്ടം, കുട്ടിക്കാനം എന്നിവിടങ്ങളിലെ 21 പട്ടികവര്‍ഗ കുടുംബങ്ങളിലെ 94 പേരെയും ഓട്ടക്കണ്ടം, കുട്ടിക്കാനം എന്നിവിടങ്ങളിലെ 21 കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. എണ്ണപ്പാറയില്‍ മണ്ണിടിച്ചില്‍ അനുഭവപ്പെട്ടിട്ടുണ്ട്. റോഡ് തകര്‍ന്നു. ചെറുവത്തൂരില്‍ മയ്യിച്ചപുഴ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മധൂര്‍ മധുവാഹിനി പുഴയും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു.
മഞ്ചേശ്വരത്തു കടലാക്രമണം രൂക്ഷമായിട്ടുണ്ട്. ഇവിടെ 30 മീറ്ററോളം കര കടലെടുത്തു. ആനക്കല്ലില്‍ റോഡിലേക്കു ചെരിഞ്ഞു നില്‍ക്കുന്ന അക്വേഷ്യ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ വില്ലേജ് ജീവനക്കാരോട് നിര്‍ദ്ദേശിച്ചു. ദേശീയ പാതയിലെ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്ന ഭീതിയെത്തുടര്‍ന്നു ജില്ലാ കലക്ടറും പൊലീസ് ചീഫും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഈ പ്രദേശത്ത് ജാഗ്രത പാലിക്കാന്‍ ജീവനക്കാരോട് നിര്‍ദ്ദേശിച്ചു.
കാലവര്‍ഷ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗവ. ആശുപത്രികളില്‍ വൈകിട്ട് 5 മണി വരെ ഒ.പി പ്രവര്‍ത്തിക്കണമെന്നു ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, സബ് കലക്ടര്‍, അഡീ.എസ്.പി, ആര്‍.ഡി.ഒ തഹസില്‍ദാര്‍മാര്‍, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥന്മാര്‍, ഫയര്‍ഫോഴ്‌സ് അധികൃതര്‍ പങ്കെടുത്തു.